ഡൽഹി: വനിതാ പ്രീമിയർ ലീഗിൻ്റെ മെഗാ താരലേലം ഡൽഹിയിൽ ആരംഭിച്ചു. സോഫി ഡിവൈനിനെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ജയൻ്റ്സ് സ്വന്തമാക്കി. അമേലിയ കെറിനെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് മൂന്ന് കോടി രൂപയ്ക്ക് നിലനിർത്തി.
ദീപ്തി ശർമയെ 3.20 കോടിക്ക് യുപി വാരിയേഴ്സ് നിലനിർത്തി. റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചാണ് താരത്തെ യുപി നിലനിർത്തിയത്. ഫീബി ലിച്ച്ഫീൽഡിനെയും 1.20 കോടി രൂപയക്ക് യുപി ടീമിലെത്തിച്ചു. 1.30 കോടി രൂപയ്ക്ക് ബൗളർ ശ്രീചരണിയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു.
ലോറ വോൾവാർട്ടിനെ ഡൽഹി ക്യാപിറ്റൽസ് 1.10 കോടി രൂപയ്ക്ക് റാഞ്ചി. ജോർജിയ വോളിനെ ആർസിബി 60 ലക്ഷത്തിന് സ്വന്തമാക്കി. കിരൺ നവ്‌ഗിരെയെ 60 ലക്ഷം രൂപയ്ക്ക് യുപി നിലനിർത്തി. ചിനെല്ലെ ഹെൻറിയെ 1.30 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. മെഗ് ലാനിങ്ങിനെ 1.90 കോടി രൂപയ്ക്ക് യുപി ടീമിലെത്തിച്ചു.
സ്നേഹ് റാണയെ ഡൽഹി ക്യാപിറ്റൽസ് 50 ലക്ഷത്തിന് ടീമിലെത്തിച്ചു. ഓൾറൗണ്ടർ രാധാ യാദവിനെ ആർസിബി 65 ലക്ഷത്തിന് ടീമിലെത്തിച്ചു. ഹർലീൻ ഡിയോളിനെ 50 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് ടീമിലെത്തിച്ചു.
അടുത്ത രണ്ട് സീസണുകളിലേക്കായി ബിസിസിഐക്ക് മൊത്തം 48 കോടി രൂപയുടെ പുതിയ സ്പോൺസർഷിപ്പ് കരാറുകൾ ലഭിക്കുന്നതോടെ വനിതാ പ്രീമിയർ ലീഗ് (WPL) വാണിജ്യപരമായി ഗണ്യമായ വളർച്ച കൈവരിക്കും. ഈ കരാറുകൾ ലീഗിൻ്റെ വർധിച്ചുവരുന്ന ബ്രാൻഡ് മൂല്യത്തേയും പ്രമുഖ ഇന്ത്യൻ, ആഗോള കമ്പനികൾക്കിടയിൽ അതിന് വർധിച്ചുവരുന്ന ആകർഷണത്തേയുമാണ് അടിവരയിട്ട് സൂചിപ്പിക്കുന്നത്.
അതേസമയം, വനിതാ പ്രീമിയർ ലീഗിൻ്റെ 2026, 2027 സീസണുകളിലേക്കുള്ള പുതുക്കിയ സ്പോൺസർഷിപ്പ് കരാറിലൂടെ ചാറ്റ്ജിപിടിയും കിംഗ് ഫിഷർ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറും അടുത്ത രണ്ട് പതിപ്പുകളിൽ വനിതാ പ്രീമിയർ ലീഗിൻ്റെ പ്രീമിയർ പങ്കാളികളാകും.