NEWSROOM

കയർ ബോർഡിൽ തൊഴിൽ പീഡനം: പരാതി നല്‍കിയ ജീവനക്കാരി അന്തരിച്ചു

കാൻസർ അതിജീവിതയായ ജോളിയെ ഗുരുതരാവസ്ഥയിൽ ആക്കിയത് തൊഴില്‍ സമർദവും മാനസിക പീഡനവുമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചി കയർ ബോർഡില്‍ തൊഴിൽ പീഡന പരാതി നല്‍കിയ സെക്ഷന്‍ ഓഫീസര്‍ ജോളി മധു (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് വെണ്ണല ചളിക്കവട്ടം സ്വദേശിയായ ജോളി മധുവിന്റെ മരണകാരണം. ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ആയിരുന്നു ജോളി. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കാൻസർ അതിജീവിതയായ ജോളിയെ ഗുരുതരാവസ്ഥയിൽ ആക്കിയത് തൊഴില്‍ സമർദവും മാനസിക പീഡനവുമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെ ആയിരുന്നു കുടുംബത്തിൻ്റെ ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടി എടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്.

ഓഫീസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. ജോളി മധുവിന് ആകെ അവശേഷിക്കുന്നത് മൂന്ന് വര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു. പരാതി നൽകിയ ജോളിയെ ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവരുടെ പ്രൊമോഷനും ശമ്പളവും ആക്ഷേപമുണ്ട്. ഇതെല്ലാം അവരെ മാനസികമായി തളർത്തിയിരുന്നു. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു.


SCROLL FOR NEXT