NEWSROOM

ആഗോള സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും മോശമായി ബാധിക്കുന്നു, സമാധാനം പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രി

"ഞാൻ വരുന്നത് ബുദ്ധൻ്റെ നാട്ടിൽ നിന്നാണ്. ഇത് യുദ്ധത്തിന് പറ്റിയ കാലമല്ലെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ നിന്ന് ഉണ്ടാകില്ല," മോദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ആഗോളതലത്തിൽ ദക്ഷിണ ഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വിയറ്റ്നാമിൽ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. പ്രസംഗത്തിൽ ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇന്തോ-പസഫിക് മേഖലയെ പ്രധാനമന്ത്രി പിന്തുണയ്ക്കുകയും, നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു.

"യുറേഷ്യയായാലും പശ്ചിമേഷ്യയായാലും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഞാൻ വരുന്നത് ബുദ്ധൻ്റെ നാട്ടിൽ നിന്നാണ്. ഇത് യുദ്ധത്തിന് പറ്റിയ കാലമല്ലെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽ നിന്ന് ഉണ്ടാകില്ല. പരമാധികാരം, പ്രാദേശിക സമഗ്രത, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയെ മാനിക്കേണ്ടതുണ്ട്. മാനുഷിക സമീപനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതുണ്ട്. വിശ്വബന്ധുവിൻ്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിലൂടെ ഈ ദിശയിൽ സാധ്യമായ എല്ലാ വഴികളിലും ഇന്ത്യ സംഭാവന ചെയ്യുന്നത് തുടരും,” പ്രധാനമന്ത്രി മോദി പറഞ്ഞു.

"വ്യോമ മേഖലയിലും നാവിഗേഷൻ മേഖലയിലും സ്വാതന്ത്ര്യം ഉറപ്പാക്കാനായി, സമുദ്രജല മേഖലയിൽ UNCLOS ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ദക്ഷിണ ചൈനാ കടലിൻ്റെ സമാധാനവും സുരക്ഷയും സുസ്ഥിരതയും മുഴുവൻ ഇന്തോ-പസഫിക് മേഖലയുടേയും താൽപ്പര്യമാണ്. സൗജന്യവും, ഉൾക്കൊള്ളുന്നതും, സമൃദ്ധവും ഭരണാധിഷ്ഠിതവുമായ ഇന്തോ-പസഫിക്, മുഴുവൻ മേഖലയുടെയും പുരോഗതിക്ക് പ്രധാനമാണ്," മോദി കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ വെല്ലുവിളിയാണ് ഭീകരതയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. "ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം ഗുരുതരമായ വെല്ലുവിളിയാണ്. അതിനെ നേരിടാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ശക്തികൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കൂടാതെ കടൽ, ബഹിരാകാശം, സൈബർ എന്നീ മേഖലകളിലെ പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ട്. പരമാധികാരം, പ്രദേശിക സമഗ്രത, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ മാനിക്കേണ്ടത് ആവശ്യമാണ്. സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണം," മോദി പറഞ്ഞു.

വിയറ്റ്നാമിൽ നടക്കുന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായും കൂടിക്കാഴ്ച നടത്തി. അമേരിക്കയിൽ മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് 14 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി മോദി അനുശോചനമറിയിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലാവോസിൽ എത്തിയത്. വ്യാഴാഴ്ച നടന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും മോദി പങ്കെടുത്തിരുന്നു.

SCROLL FOR NEXT