NEWSROOM

ഭീകരാക്രമണങ്ങൾ തടയുന്നതില്‍ പ്രതിജ്ഞാബദ്ധം; ക്വാഡ് ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയുമായി ലോക നേതാക്കൾ

ക്വാഡ് കൂട്ടായ്മ ഒരു രാജ്യത്തിനും എതിരല്ലെന്നും സമാധാനം മുൻനിർത്തിയുള്ള സഖ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഭീകരവാദത്തിനും നുഴഞ്ഞുകയറ്റത്തിനുമെതിരെ ഒന്നിക്കണമെന്ന ആഹ്വാനവുമായി ക്വാഡ് ഉച്ചകോടി. ഭീകരാക്രമണങ്ങൾ തടയുന്നതിന് ഒന്നിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ലോക നേതാക്കൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ്റെ ജന്മനാടായ ഡെലാവെയറിലെ വിൽമിങ്ടണിലാണ് ഇത്തവണ ക്വാഡ് ഉച്ചകോടി നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും പുറമേ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

ക്വാഡ് കൂട്ടായ്മ ഒരു രാജ്യത്തിനും എതിരല്ലെന്നും സമാധാനം മുൻനിർത്തിയുള്ള സഖ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ക്വാഡ് രാജ്യങ്ങളിലെ കോസ്റ്റ് ഗാർഡുകൾക്കിടയിൽ സഹകരണം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും പ്രഖ്യാപിച്ചു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷവും ക്വാഡ് തുടരുമെന്ന് ബൈഡൻ കൂട്ടിച്ചേർത്തു. തെക്കുകിഴക്കൻ ഏഷ്യയിലെ പസഫിക് ദ്വീപുകൾക്ക് നിർണായക സാങ്കേതികവിദ്യകൾ നൽകാൻ ക്വാഡിൽ തീരുമാനമുണ്ടായേക്കും. ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള നിര്‍ണായക ചുവടുവെപ്പും, സൈബര്‍ സുരക്ഷ രംഗത്തെ സഹകരണവും ഉച്ചകോടിയുടെ അജണ്ടയായി.

Also Read: മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടൽ; മെക്സിക്കോയിൽ കൂട്ടക്കുരുതി, 100ലേറെ മരണം

മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിലാഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ പ്രവാസികൾ വൻവരവേൽപ്പു നൽകിയാണ് സ്വീകരിച്ചത്. യുഎസ് പര്യടനത്തില്‍ ന്യൂയോർക്കിലെ യുഎൻ പൊതുസഭയിലെ സമ്മിറ്റ് ഫോർ ഫ്യൂച്ചറിനെ മോദി അഭിസംബോധന ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികളുമായും അമേരിക്കൻ വ്യവസായ പ്രമുഖരുമായും സംവദിക്കും.

ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവര്‍ ഉൾപ്പെടുന്ന ഒരു സ്ട്രാറ്റജിക് സഖ്യമാണ്. ഇതിനു മുന്‍പ് ആറു തവണയാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടി നടന്നത്. 2021-ൽ ബൈഡൻ ക്വാഡിനെ നേതൃതലത്തിലുള്ള ഫോറമായി ഉയർത്തിയതിന് ശേഷം യുഎസ് പ്രസിഡന്‍റ് വ്യക്തിപരമായാണ് ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നത്. ബൈഡന്‍ നേതൃത്വം കൊടുക്കുന്ന അവസാന ക്വാഡ് ഉച്ചകോടിയായിരിക്കും 2024ലേത്. നവംബർ 5നാണ് യുഎസില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.

SCROLL FOR NEXT