ഗാസ Source: ANI
WORLD

ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം; പത്ത് മരണം

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗാസയിലെ സഹായകേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പത്ത് മരണം. സഹായം ശേഖരിക്കാൻ കാത്തുനിന്ന സാധാരണക്കാർ ഉൾപ്പെടെയുള്ള പത്ത് പേരാണ് മരണപ്പെട്ടതെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ എഎഫ്‌പിയോട് പറഞ്ഞു.

ഗാസ പിടിച്ചടക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതികൾക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകി തൊട്ടടുത്ത ദിവസമാണ് ആക്രമണം. ഇസ്രയേൽ പ്രതിരോധസേന മേധാവി ഇയാൽ സാമിറിന്റെ എതിർപ്പ് പോലും തള്ളിയായിരുന്നു തീരുമാനം. ഇസ്രായേലി സൈനിക ഉന്നതരിൽ നിന്ന് എതിർപ്പുകളും വിയോജിപ്പുകളെക്കുറിച്ചുള്ള കിംവദന്തികളും ഉണ്ടായിരുന്നിട്ടും, നെതന്യാഹു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

പിന്നാലെ, ഗാസ പിടിച്ചെടുക്കലല്ല, ഹമാസിൽ നിന്ന് സ്വതന്ത്രമാക്കലാണ് ലക്ഷ്യമെന്ന് നെതന്യാഹു സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുയർന്നതോടെയാണ് വിശദീകരണം. ഹമാസിന്റെ നിരായുധീകരണം സമാധാനപരമായ ഭരണകൂട സ്ഥാപനത്തിനും ബന്ദി മോചനത്തിനും സഹായകമാകുമെന്ന് നെതന്യാഹു പറഞ്ഞു.

ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പുതിയ ഓപ്പറേഷനുകളില്‍ ഉണ്ടാകാവുന്ന ആള്‍നാശം ഒഴിവാക്കാമെന്നും ഇവർ പറയുന്നു. ഹമാസിനെ ദുർബലപ്പെടുത്തിയെന്ന അവകാശവാദങ്ങള്‍ മുഴക്കുമ്പോള്‍ തന്നെ ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്ന കാഴ്ചയാണ് ഗാസയില്‍ കാണാന്‍ സാധിക്കുന്നത്. ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പലപ്പോഴും സഹായ കേന്ദ്രങ്ങളും ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളുമാണ് തകരുന്നത്. ആയിരങ്ങളാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.

SCROLL FOR NEXT