Image: X  
WORLD

'ഭയാനകമായ മുഖവും അരോചകമായ ശബ്ദവുമുള്ള കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍'; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ജാസ്മിന്‍ ക്രോക്കറ്റിനെതിരെയും ട്രംപ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ വംശജനും സോഷ്യലിസ്റ്റുമായ സൊഹ്‌റാന്‍ മംദാനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് അധിക്ഷേപിച്ചത്.

നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണച്ചവരേയും ട്രംപ് വിമര്‍ശിച്ചു. ഡെമോക്രാറ്റുകള്‍ പരിധി വിടുന്നു, നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാന്‍ മംദാനി ഡെം പ്രൈമറിയില്‍ വിജയിച്ചു. അയാള്‍ മേയര്‍ ആകാനുള്ള പാതയിലാണ്. നേരത്തേയും റാഡിക്കല്‍ ലെഫ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് കൂടുതല്‍ പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലാണ് ട്രംപിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍.

മംദാനിയെ വ്യക്തിപരമായും ട്രംപ് അധിക്ഷേപിച്ചിട്ടുണ്ട്. അരോചകമായ ശബ്ദമുള്ള മംദാനിയെ കാണാന്‍ തന്നെ ഭയാനകമാണ്. അദ്ദേഹം അത്ര മിടുക്കനുമല്ല. ഡമ്മികള്‍ എല്ലാം അദ്ദേഹത്തെ പിന്തുണക്കുകയാണ്. നമ്മുടെ മഹാനായ പലസ്തീന്‍ സെനറ്റര്‍ ക്രയിങ് ചക്ക് ഷൂമര്‍ മംദാനിക്കു മുന്നില്‍ കുമ്പിടുകയാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ജാസ്മിന്‍ ക്രോക്കറ്റിനെതിരെയും ട്രംപ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തി. കുറഞ്ഞ ഐക്യു ഉള്ള ജാസ്മിന്‍ ക്രോക്കറ്റിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യണം എന്നായിരുന്നു പരാമര്‍ശം.

ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി പ്രശസ്ത സംവിധായിക മിര നായരുടേയും ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ മഹ്‌മൂദ് മംമ്ദാനിയുടേയും മകനാണ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പില്‍ 43.5 ശതമാനം വോട്ടാണ് മംദാനി നേടിയത്. മേയര്‍ തെരഞ്ഞെടുപ്പില്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലീം മേയര്‍ എന്ന ചരിത്രവും പിറക്കും.

SCROLL FOR NEXT