Source: X
WORLD

സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഡ്രോൺ ആക്രമണം; 46 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. പിന്നാലെ കൂട്ടക്കൊലകളും അരങ്ങേറി.

Author : ന്യൂസ് ഡെസ്ക്

ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നഴ്സറി സ്കൂളിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 46 കുട്ടികളടക്കം 114 പേർ കൊല്ലപ്പെട്ടു . കോര്‍ഡോഫാന്‍ കലോജിയിലുണ്ടായ ആക്രമണത്തിന് പിന്നിൽ വിമതസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സാണെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കഴിഞ്ഞയാഴ്ച സുഡാൻ സൈന്യം വിമതരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ ദക്ഷിണ കോർഡോഫാനിൽ 48 പേർ കൊല്ലപ്പെട്ടിരുന്നു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 'സുഡാനിലെ സാധാരണക്കാര്‍ക്ക് നേരെ ഭീകരരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് നടത്തുന്ന വംശഹത്യ അപലനീയം. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു’- എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. പിന്നാലെ കൂട്ടക്കൊലകളും അരങ്ങേറി. മൃതദേഹങ്ങൾ മറവ് ചെയ്യാൻ കൂട്ടക്കുഴിമാടങ്ങൾ ഒരുക്കുകയായിരുന്നു. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്.

SCROLL FOR NEXT