മോസ്‌കോ: റഷ്യയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലുണ്ടായ കത്തിക്കുത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. ബാഷ്‌കോര്‍ത്തോസ്റ്റാന്‍ റിപ്പബ്ലിക്കില്‍ വിദേശ വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് സംഭവം.
ആക്രമണം തടയാന്‍ ശ്രമിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കത്തിക്കുത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബാഷ്‌കോര്‍ത്തോസ്റ്റാനിന്റെ തലസ്ഥാനമായ ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനകത്താണ് ആക്രമണം നടന്നതെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
റഷ്യന്‍ ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച് 15 വയസുകാരന്‍ കത്തിയുമായി ഹോസ്റ്റലിലേക്ക് എത്തി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.
'അക്രമി അറസ്റ്റിന് വഴങ്ങിയില്ല. ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്ക് കുത്തേറ്റു. കൂടാതെ പ്രതി തന്റെ സ്വന്തം ശരീരത്തിലും കത്തികൊണ്ട് പരിക്കേല്‍പ്പിച്ചു,' ആഭ്യന്തര മന്ത്രാലയം വക്താവ് മജ് ജെന്‍ ഇറിന വോക്ക് റഷ്യന്‍ മാധ്യമത്തോട് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയെ കീഴടക്കി കസ്റ്റഡിയില്‍ എടുത്തെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അക്രമിയുടേയോ അക്രമണമേറ്റ ആളുകളുടേയോ പരിക്ക് ഗുരുതരമാണോ എന്ന വിവരം ലഭ്യമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പരിക്കേറ്റയാളെ കനത്ത മഞ്ഞിലൂടെ പുറത്തെത്തിക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളും ശ്രദ്ധനേടിയിരുന്നു.