Image: X  NEWS MALAYALAM 24x7
WORLD

രാക്ഷസ രൂപം പൂണ്ട് രഗാസ; ചൈനയില്‍ 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു; തായ്‌വാനില്‍ 17 മരണം

തായ്‌വാനില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ തടാകം കരകവിഞ്ഞൊഴുകിയാണ് 17 പേര്‍ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

ചുഴലിക്കാറ്റുകളുടെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന രഗാസ ചൈനയില്‍ കരതൊട്ടു. 20 ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തായ്‌വാനിലും ഫിലിപ്പീന്‍സിലും തായ്‌ലന്‍ഡിലും വന്‍ നാശം വിതച്ച ശേഷമാണ് രഗാസ ചൈനയില്‍ വീശിയത്.

തായ്‌വാനില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ തടാകം കരകവിഞ്ഞൊഴുകിയാണ് 17 പേര്‍ മരിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തായ്‌വാന്റെ കിഴക്കു ഭാഗത്ത് കനത്ത പ്രളയവുമുണ്ടായി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ തായ്‌വാന്‍ പ്രധാനമന്ത്രി ചോ ജുങ് തായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌വാനിലെ ഹുവാലിയന്‍ കൗണ്ടിയില്‍ വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ പാലം തകര്‍ന്നു. ഗ്വാങ്ഫു ടൗണ്‍ഷിപ്പിലെ റോഡുകള്‍ ഒഴുകിപ്പോയി. വാഹനങ്ങളും വീടുകളിലെ ഫര്‍ണിച്ചറുകളും ഒഴുകിപ്പോയി

ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് രഗാസ. ചൈനയില്‍ തെക്കന്‍ മേഖലയായ ഗ്യാങ്‌ഡോങ് പ്രവിശ്യയിലെ യാങ്ജിയാങ് നഗരത്തിലെ തീരമേഖലയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ 144 കിലോമീറ്ററായിരുന്നു കരതൊടുമ്പോള്‍ കാറ്റിന്റെ വേഗം.

ഹോങ്കോങില്‍ വീശുമ്പോള്‍ രഗാസ കൊടും ചുഴലിയില്‍ നിന്ന് തീവ്രചുഴലിയിലേക്ക് ദുര്‍ബലപ്പെട്ടിരുന്നു. ചൈനയുടെ സിലിക്കണ്‍ വാലിയായ ഷെന്‍ജെന്‍ നഗരത്തിലും ജനജീവിതം സ്തംഭിച്ചു. ഹോങ്കോങില്‍ രഗാസ കരതൊട്ടില്ലെങ്കിലും അനുബന്ധമായി ഉണ്ടായ വന്യവാതങ്ങളിലും മഴയിലും നാശനഷ്ടങ്ങളുണ്ടായി. 90 ആളുകള്‍ക്ക് പരിക്കേറ്റു. ഒരു ഹോട്ടലിന്റെ ചില്ലുവാതില്‍ തകര്‍ത്ത് പാഞ്ഞൊഴുകിയ വെള്ളത്തില്‍ തൊഴിലാളികള്‍ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്യാങ്‌ഡോങില്‍ 20 ലക്ഷം ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

തിങ്കളാഴ്ച ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച രഗാസ വടക്കന്‍ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മണിക്കൂറില്‍ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചത്. തെക്കന്‍ ചൈനയിലും വടക്കന്‍ വിയറ്റ്‌നാമിലും മധ്യഫിലിപ്പീന്‍സിലും കിഴക്കന്‍ തയ്വാനിലും കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

SCROLL FOR NEXT