ധാക്ക:ധാക്കയിലെ മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിൽ ജെറ്റ് വിമാനം തകർന്നുവീണ്ടുണ്ടായ അപകടത്തിൽ 19 പേർക്ക് ദാരുണാന്ത്യം. 16 വിദ്യാർഥികളും രണ്ട് അധ്യാപകരും പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. 100 ലേറെ പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ചൈനീസ് J-7 യുദ്ധവിമാനത്തിൻ്റെ നൂതന പതിപ്പായ F-7BGI വിമാനമാണ് തകർന്നുവീണത്. ഇത് ഒരു പതിവ് പരിശീലന പറക്കലായിരുന്നു എന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 50 ലധികം പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അപകട കാരണം എന്താണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല.ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു എന്ന് മാത്രമാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥ ലിമ ഖാൻ പറഞ്ഞതെന്ന് എഎപിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്തു.
വ്യോമസേനയുടെ പരിശീലന ദൗത്യങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്ന ചൈനീസ് നിർമിത എഫ്-7 ബിജിഐ വിമാനം തകർന്നുവീഴാനിടയായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.