യുക്രെയ്ന് നേരെ വൻ വ്യോമാക്രമണം നടത്തി റഷ്യ. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് ശനിയാഴ്ച രാത്രി റഷ്യ ആക്രമണം നടത്തിയത്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ന് നേരെ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നാണ് വിവരം.
ആറ് മേഖലകളിലായാണ് ആക്രമണം നടന്നത്. ലിവിവ്, പോൾട്ടാവ, മൈക്കോലൈവ്, ഡിനിപ്രോപെട്രോവ്സ്ക്, ചെർകാസി, ഇവാനോ-ഫ്രാങ്കിവ്സ്ക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യോമാക്രമണങ്ങളിൽ അപ്പാർട്ട്മെന്റുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കും വീടുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രെയ്ൻ്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്. യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 യുദ്ധവിമാനം തകരുന്നത്. അതേസമയം, റഷ്യ ആയച്ച ഡ്രോണുകളില്‍ 249 എണ്ണം വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ സൈന്യം വ്യക്തമാക്കി.
യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ യുക്രെയ്ൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പാശ്ചാത്യ സഖ്യകക്ഷികൾ കൂടുതൽ പിന്തുണ നൽകണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യ ആക്രമണം വർധിപ്പിക്കുകയാണ്. ഈ ആഴ്ച മാത്രം 114-ലധികം മിസൈലാക്രമണങ്ങളും, 1,270-ലധികം ഡ്രോണാക്രമണങ്ങളും റഷ്യ നടത്തിയിട്ടുണ്ടെന്നും വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു.
ലോകം സമാധാനത്തിനായി ആഹ്വാനം ചെയ്തിട്ടും, യുദ്ധം തുടരുമെന്ന് തന്നെയാണ് പുടിൻ്റെ തീരുമാനം. ഈ യുദ്ധം അവസാനിപ്പിക്കണം. ഇതിനായി റഷ്യക്ക് മേൽ സമ്മർദ്ദം ആവശ്യമാണ്. അതുപോലെ ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണവും ആവശ്യമാണ്. യുക്രെയ്ൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി യുഎസിൻ്റെ യുദ്ധ സംവിധാനങ്ങളാണ് ആവശ്യം. അവ വാങ്ങാൻ തയ്യാറാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേർത്തു.