ഗാസയിൽ ഇസ്രയേൽ ആക്രമണം Source; X, Reuters
WORLD

ഗാസയിൽ ഇസ്രയേൽ നായാട്ട് തുടരുന്നു ; 53 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ആക്രമണം യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനത്തിനിടെ

ഹമാസിന്റെ അവസാന ശക്തികേന്ദ്രം എന്ന് അവർ വിശേഷിപ്പിച്ച സ്ഥലത്ത് ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാർ തുടങ്ങിയ കാര്യങ്ങൾക്കായി പരിശ്രമിക്കുന്ന നേതാക്കൾ ഇസ്രയേൽ ആക്രമണത്തിൽ അപലപിച്ചു.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയും ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഇന്ന് പുലർച്ചെയുണ്ടായ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും 53 പേർ കൊല്ലപ്പെട്ടു. നിരവധി വീടുകളും കെട്ടിടങ്ങളും തകർത്തു. ഗാസയിലെ 30-ഓളം കെട്ടിടങ്ങൾ ബോംബിങ്ങിൽ തകർത്തതായാണ് വിവരം. ഓഗസ്റ്റിന് ശേഷം 13,000 അഭയാർഥി കൂടാരങ്ങളും ഗാസ സിറ്റിയിലെ 1,600 പാർപ്പിടങ്ങളും ഇസ്രയേൽ തകർത്തതായി ഗാസ അധികൃതർ പറഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മാർക്കോ റൂബിയോയും വെസ്റ്റേൺ വാൾ സന്ദർശിച്ചു. യുഎസ് ഇസ്രയേൽ ബന്ധം ശക്തവും ദൃഢവുമായി തുടരുമെന്ന് നെതന്യാഹു പറഞ്ഞു. നെതന്യാഹുവുമായി റൂബിയോ ഇന്നും ചർച്ച നടത്തും. ദോഹയിലെ ആക്രമണവും യുദ്ധത്തിൻ്റെ നിലവിലെ സ്ഥിതിയും ബന്ദി മോചനവുമുൾപ്പെടെ ചർച്ചയാകും. ഗാസാ സിറ്റി പിടിച്ചെടുക്കലും, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കലും ചർച്ചയിൽ ഉൾപ്പെട്ടേക്കും. ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തും.

ഇസ്രായേലിന്റെ സ്ഥിരം തലസ്ഥാനമായി ജറുസലേമിനെ അമേരിക്ക അംഗീകരിച്ചതിനെ വീണ്ടും സ്ഥിരീകരിക്കുന്നതാണ് വെസ്റ്റേൺ വാൾ സന്ദർശനം എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു. 2017 അവസാനത്തിൽ, പ്രസിഡന്റായി തന്റെ ആദ്യ ടേമിൽ, ഡൊണാൾഡ് ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കുകയും തുടർന്ന് യുഎസ് എംബസി ടെൽ അവീവിൽ നിന്ന് അവിടേക്ക് മാറ്റുകയും ചെയ്തിരുന്നു.

അതേ സമയം ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി, പത്ത് ലക്ഷത്തോളം പലസ്തീനികൾ അഭയം പ്രാപിച്ചിരിക്കുന്ന നഗരം പിടിച്ചെടുക്കാൻ ഇസ്രയേൽ പദ്ധതി തയ്യാറാക്കുകയാണ്. ഹമാസിന്റെ അവസാന ശക്തികേന്ദ്രം എന്ന് അവർ വിശേഷിപ്പിച്ച സ്ഥലത്ത് ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ, ബന്ദികളെ മോചിപ്പിക്കൽ കരാർ തുടങ്ങിയ കാര്യങ്ങൾക്കായി പരിശ്രമിക്കുന്ന നേതാക്കൾ ഇസ്രയേൽ ആക്രമണത്തിൽ അപലപിച്ചു.

SCROLL FOR NEXT