ഗാസയില്‍ സഹായം തേടിയെത്തിയ 38 പേരുള്‍പ്പെടെയുള്ള 62 പേരെ കൊലപ്പെടുത്തി ഇസ്രയേല്‍. ശനിയാഴ്ചയോടെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട 38 പേരും വിവാദ യുഎസ്, ഇസ്രയേല്‍ പിന്തുണയോടെയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനിലേക്ക് സഹായം തേടിയെത്തിയവരായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ സൈറ്റിലാണ് കൂട്ടക്കുരുതി നടന്നത്. കഴിഞ്ഞ ബുധനാഴ്ചയിലും വ്യാഴ്ചയിലുമായി 105 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നതായി പലസ്തീന്‍ അതിര്‍ത്തിയിലെ യുഎന്‍ മനുഷ്യാവകാശ ഓഫീസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
വെള്ളിയാഴ്ച വരെ സഹായം തേടിയെത്തിയ 1373 പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും യുഎന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേലി സൈന്യവും അമേരിക്കന്‍ സുരക്ഷാ കോണ്‍ട്രാക്റ്റര്‍മാരും സഹായം ചോദിച്ചെത്തുന്നവരെ വിതരണ സ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊല്ലുന്നുവെന്ന് പലസ്തീനികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
2023ല്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതു മുതല്‍ 93 കുട്ടികള്‍ ഉള്‍പ്പെടെ 169 പലസ്തീനികള്‍ കൊല്ലപ്പെട്ടത് പട്ടിണിയും പോഷകാഹാരക്കുറവ് മൂലവുമാണെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.