ജൂലൈ അഞ്ച് എന്ന ദിവസത്തിലേക്ക് ലോകം, പ്രത്യേകിച്ച് ജപ്പാൻ, കണ്ണുതുറന്നത് ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മനസമാധാനത്തോടെ ആയിരിക്കാം. അതെ, റിയോ തത്സുകിയുടെ പ്രവചനം പാളി. ജപ്പാൻ സേഫാണ്..
ജപ്പാനില്‍ ഇന്ന് പുലര്‍ച്ചെ 4.18ന് ഒരു മഹാദുരന്തം സംഭവിക്കും എന്നും നഗരങ്ങള്‍ കടലില്‍ പതിക്കുമെന്നും ആയിരുന്നു തത്സുകിയുടെ പ്രവചനം. കഴിഞ്ഞ രണ്ടാഴ്ചയായി, ടോകാര ദ്വീപുകൾക്ക് സമീപം ഉണ്ടായ ഭൂകമ്പ പരമ്പരയും വളരെക്കാലം നിശ്ചലമായിരുന്ന ഒരു അഗ്നിപർവതം ഈ ആഴ്ച ആദ്യം പൊട്ടിത്തെറിച്ചതും ജനങ്ങളെ ഭയപ്പെടുത്തി. ഒരു അപ്പോക്കലിപ്സ് സംഭവിക്കുമോ എന്ന് ലോകം ചെറുതായി ഒന്ന് ഭയന്നു.
എന്നാല്‍ ജപ്പാനില്‍ ഇന്ന് ഒന്നും സംഭവിച്ചില്ല. റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനില്‍ എവിടേയും വലിയ ദുരന്തങ്ങളൊന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ എല്ലായിടത്തും സുരക്ഷിതരാണെന്നാണ് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജപ്പാനും ഫിലീപ്പീൻസിനുമിടയിൽ സമുദ്രശയ്യാ പ്രതലത്തിൽ ഉണ്ടാവുന്ന ഭൂഫലക ചലനങ്ങളാൽ ഒരു വൻ സുനാമി ഉണ്ടാവുമെന്ന് ആയിരുന്നു റിയോ തത്സുകി തന്റെ 'ദ ഫ്യൂച്ചർ ഐ സോ' എന്ന ഗ്രാഫിക് നോവലിൽ പറയുന്നത്. മാംഗ എന്നറിയപ്പെടുന്ന ജാപ്പനീസ് കോമിക്സ് എഴുത്തുകാരിയാണ് റിയോ തത്സുകി. 2011ൽ ജപ്പാനിലുണ്ടായ സുനാമിയടക്കം നിരവധി സംഭവങ്ങൾ റിയോ തത്സുകിയുടെ പ്രവചനങ്ങളിൽ ഉൾപ്പെടുന്നു. 1999ല്‍ പ്രസിദ്ധീകരിച്ച ഗ്രാഫിക് നോവലിന്റെ 2021ലെ റീപ്രിന്‍റിലാണ് ദുരന്തത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്.
2011ലുണ്ടായ സുനാമിയെക്കാൾ മൂന്നിരട്ടി വലയ ദുരന്തമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജപ്പാന്റെ പസഫിക് തീരമേഖല മാത്രമല്ല തായ്‌വാൻ, ഫിലിപ്പീൻസ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിലേക്കും സുനാമി വ്യാപിക്കുമെന്നാണ് പുസ്തകത്തിലുള്ളത്. ജൂലൈ അഞ്ചിലെ സുനാമി പ്രവചനം ലോകമെങ്ങും ആശങ്ക ഉയർത്തിയതിനുള്ള പ്രധാന കാരണം ജപ്പാനിലെ ടോകാര ദ്വീപ് സമൂഹത്തിൽ നിലവിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങളാണ്. ജൂൺ 21 മുതൽ ഇവിടെ ഭൂചലനങ്ങൾ സജീവമാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് 5.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെയുണ്ടായത്. മാത്രമല്ല, ഭൂമിയിലേറ്റവും ഭൂകമ്പ ബാധിതമായ പ്രദേശങ്ങളിലൊന്നാണ് ജപ്പാൻ. അതുകൊണ്ട് തന്നെ ജൂലായ് അഞ്ചിലെ ഈ പ്രവചനം ജപ്പാൻ ജനതയിൽ സൃഷ്ടിച്ച ആശങ്ക ചെറുതായിരുന്നില്ല.
1995ലെ കോബെ ഭൂചലനവും റിയോ തത്സുകി പ്രവചിച്ചിരുന്നു. 1995 ജനുവരി രണ്ടിനാണ് പിളർന്ന ഭൂമി സ്വപ്നം കണ്ടതായി തത്സുകി അവകാശപ്പെട്ടത്. പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞ് ജനുവരി 17ന് ഹാൻഷിൻ ഭൂകമ്പമെന്നറിയപ്പെടുന്ന കോബേ ഭൂകമ്പം ജപ്പാനിലുണ്ടായി. 6000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.
ബ്രിട്ടീഷ് റോക് സംഗീതജ്ഞൻ ഫ്രെഡി മെർക്കുറിയുടെ മരണവും തത്സുകി പ്രവചിച്ചിരുന്നതായാണ് വിവരം. എയ്ഡ്സ് രോഗബാധയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാൽ ഫ്രെഡി മെർക്കുറി മരിക്കുന്നതായി റിയോ സ്വപ്നം കണ്ടു. 1991 ലാണ് ഫ്രെഡി മെർക്കുറി മരിച്ചത്. ഈ മൂന്ന് സംഭവങ്ങളാണ് റിയോയുടെ കൃത്യതയുള്ള പ്രവചനങ്ങളായി വിലയിരുത്തപ്പെടുന്നത്. എന്തായാലും ജൂലായ് അഞ്ചിലെ പ്രവചനം പാളിയതിന്റെ ആശ്വാസത്തിലാണ് ലോകവും ജപ്പാൻ ജനതയും.