യുഎസ് പ്രസിഡന്റിന്റെ വാഹനവ്യൂഹം 
WORLD

ശരീരത്തിന് ശരീരം, തോക്കിന് തോക്ക്, എല്ലാം ഒരുപോലെ; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി അലാസ്ക, സുരക്ഷാ മുന്നൊരുക്കങ്ങള്‍ എന്തൊക്കെ?

2022ല്‍ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുടിനും യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെപ്പറ്റി സംസാരിക്കാനായി വെള്ളിയാഴ്ച അലാക്സയില്‍ വെച്ച് നേരിട്ട് കാണുന്നു. അലാസ്കയിലെ ആങ്കറേജിലാണ് ലോക നേതാക്കളുടെ കൂടിക്കാഴ്ച. 2022ല്‍ യുക്രെയ്നില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രസിഡന്റിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. എന്തുകൊണ്ടാണ് ഈ സുപ്രധാന കൂടിക്കാഴ്ചയ്ക്കായി അലാസ്കയിലെ ആങ്കറേജ് തെരഞ്ഞെടുത്തത്?

അങ്കറേജ് ഒരു വികസിത നഗരമല്ല. എന്നാല്‍, അലാസ്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണിത്. അലാസ്കയിലെ 40 ശതമാനം ജനങ്ങളും ഇവിടെയാണ് താമസിക്കുന്നത്. ഈ നഗരം ഒരു ഉന്നത നയതന്ത്രത്തിന് വേദിയാകുന്നത് ആദ്യമായിട്ടല്ല. 2017ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഫ്ലോറിഡയിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങുമ്പോൾ കിംഗ് സാൽമണും ക്രാബ് ബിസ്കും കഴിച്ച് ആങ്കറേജില്‍ തങ്ങാന്‍ ഇടയായി. രണ്ട് വർഷത്തിന് ശേഷം ചൈനീസ് നയതന്ത്രജ്ഞരും ബൈഡൻ ഗവൺമെന്റിലെ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഏറെ പിരിമുറുക്കങ്ങള്‍ നിറഞ്ഞ കൂടിക്കാഴ്ചയ്ക്ക് ആങ്കറേജ് വേദിയായി. ഇതിനും വർഷങ്ങള്‍ക്ക് മുന്‍പ് മാർപാപ്പയ്ക്കും പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ആതിഥ്യം വഹിച്ച ചരിത്രവും ആങ്കറേജിനുണ്ട്. എന്നാല്‍, ഇത്തവണത്തെ കൂടിക്കാഴ്ച ഇതിലൊക്കെ രാഷ്ട്രീയ പ്രാധാന്യമേറിയതാണ്.

രണ്ടു ലോക നേതാക്കള്‍ തമ്മില്‍ കണ്ടുമുട്ടുന്നു എന്നത് മാത്രമല്ല ഈ കൂടിക്കാഴ്ചയുടെ രാഷ്ട്രീയ പ്രാധാന്യം. സംസാരിക്കുന്ന വിഷയമാണ് ട്രംപ്- പുടിന്‍ ഉച്ചകോടിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സംഘർഷഭൂമിയായി മാറിയ യുക്രെയ്നാണ് ആങ്കറേജില്‍ ചർച്ചാവിഷയം. വെടിനിർത്തലിന് മധ്യസ്ഥത വഹിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. പുടിന് വെടിനിർത്തലിൽ യഥാർത്ഥ താൽപ്പര്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനുള്ള ഒരു "ശ്രവണ പരിശീലനം" എന്നാണ് ട്രംപ് ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. "ഒരു കരാറിലെത്തേണ്ടത് എന്റെ ഉത്തരവാദിത്തമല്ല" എന്നും പുരോഗതി സാധ്യമാണോ എന്ന് നോക്കുക എന്നതാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. എന്നാല്‍ സമാധാന ചർച്ചകളില്‍ യുക്രെയ്ന്‍ പങ്കാളിയല്ലായെന്നത് ശ്രദ്ധേയമാണ്.

എന്തുകൊണ്ട് ആങ്കറേജ്?

വ്ളാഡിമർ പുടിന്‍ തന്നെയാണ് ഉച്ചകോടിയുടെ വേദിയായി ആങ്കറേജ് നിർദേശിച്ചത്. അതിന് കാരണമുണ്ട്. റഷ്യക്ക് ഏറ്റവും അടുത്തുള്ള അമേരിക്കന്‍ പ്രദേശമാണ് ആങ്കറേജ്. ഒരു വിധത്തില്‍, ഇരു നേതാക്കൾക്കും ഏകദേശം തുല്യ അകലത്തിലാണ് ഈ പ്രദേശം.

റഷ്യക്ക് അടുത്തുള്ള സ്ഥലം ആയതുകൊണ്ടു മാത്രമല്ല പുടിന്‍ ഉച്ചകോടിക്കായി അലാസ്ക തെരഞ്ഞെടുത്തത്. ചരിത്രപരമായ പ്രസക്തിയും ഭൂമിശാസ്ത്രപരമായ സവിശേഷതയുമുള്ള സ്ഥലമാണിത്. 1867ൽ യുഎസിന് വിൽക്കുന്നതുവരെ അലാസ്ക റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. കൂടാതെ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അധികാരപരിധിക്ക് പുറത്താണ് ഈ പ്രദേശം. പുടിന് ഐസിസി അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചർച്ചകള്‍ക്ക് യോജ്യമായ മറ്റൊരു സ്ഥലമില്ല. ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്സണിലാണ് ഉച്ചകോടി നടക്കുക.

ആങ്കറേജില്‍ ഇപ്പോള്‍ വിനോദ സഞ്ചാര സീസണാണ്. അതുകൊണ്ട് കാറുകളും ഹോട്ടല്‍ മുറികളും കിട്ടുക വളരെ പ്രയാസമാണ്. കൂടാതെ ഈ പ്രദേശത്ത് ആകെയുള്ളത് വാടകയ്ക്ക് കാറുകള്‍ നല്‍കുന്ന ചെറിയൊരു മാർക്കറ്റാണ്. അതിനാല്‍, വാഹനങ്ങളും മറ്റ് ആസ്തികളും അലാസ്കയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യോമ മാർഗമാകും എത്തിക്കുക. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ എസ്‌യുവികള്‍ ലോവർ 48ല്‍ നിന്നാണ് വരിക.

സുരക്ഷാ ക്രമീകരണങ്ങള്‍...

ഇരു ലോക നേതാക്കള്‍ക്കും ശക്തമായ സുരക്ഷ ഒരുക്കാനുള്ള വ്യക്തമായി പ്രോട്ടോക്കോളാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ഉഭയകക്ഷി യോഗങ്ങളില്‍ എല്ലാ നേതാക്കള്‍ക്കും തുല്യ മര്യാദയാകും നല്‍കുക. അതായത് ട്രംപിനും പുടിനും തുല്യ സുരക്ഷ ഉറപ്പാക്കും. പുടിന് നേരിട്ടുള്ള സുരക്ഷ ഒരുക്കുന്നതും നിയന്ത്രിക്കുന്നതും റഷ്യന്‍ സുരക്ഷാ വിഭാഗമായിരിക്കും. എന്നാല്‍ യുഎസ് സീക്രട്ട് സർവീസ് അപ്പോഴും ഒരു സുരക്ഷാ വലയം നിലനിർത്തും.

ഇരുപക്ഷവും മറ്റൊരാളുടെ വാതിലുകൾ തുറക്കുകയോ വാഹനങ്ങളിൽ കയറുകയോ ചെയ്യില്ല. ഒരു മീറ്റിങ് റൂമിന് പുറത്ത് 10 യുഎസ് ഏജന്റുമാരെ നിയമിച്ചാൽ, 10 റഷ്യൻ ഏജന്റുമാർ മറുവശത്ത് നിൽക്കും. ശരീരത്തിന് ശരീരവും തോക്കിന് തോക്കും, എല്ലാം പൊരുത്തപ്പെട്ടുവെന്ന് ഇരുവിഭാഗവും ഉറപ്പാക്കും. പ്രസിഡന്റുമാർ വരുന്ന വാഹനവ്യൂഹം മുതൽ മുറിയിൽ വിവർത്തകരുടെ സ്ഥാനത്തില്‍ വരെ ഈ സമമിതി വ്യാപിച്ചുകിടക്കുന്നു.

ഇരുപക്ഷവും അവരവരുടെ വിവർത്തക സംഘത്തെ ഒപ്പം കൊണ്ടുവരും. ഓരോ നേതാവിനും സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഹോൾഡ് റൂമുകള്‍, ഒരുക്കും. അവയുടെ എണ്ണവും വലുപ്പവും പോലും ഉഭയകക്ഷി ചർച്ചകളില്‍ സുപ്രധാനമാണ്. ഇരു നേതാക്കളുടെയും വാഹനങ്ങളുടെ ഓരോ ചലനവും കൃത്യമായി സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാകും. വാഹനങ്ങള്‍ പൂർണമായി പരിരക്ഷിതമാണെന്ന് ഉറപ്പാക്കും.

എന്നാല്‍, അന്താരാഷ്ട്ര ക്രിമനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ടുള്ള പുടിന്‍ യുഎസിലേക്ക് വരുന്നതില്‍ പ്രതിഷേധവും ശക്തമാണ്. പുടിനെ എതിർത്തും യുക്രെയ്നെ അനുകൂലിച്ചും വലിയ പ്രതിഷേധ റാലികളാണ് അലാസ്കയില്‍ നടക്കുന്നത്. ഇത് സുരക്ഷാ സംഘത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

അതേസമയം ഈ ഉച്ചകോടി, റഷ്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുമോ എന്ന ചർച്ചയിലാണ് നിരീക്ഷകർ. ഉച്ചകോടിക്ക് മുമ്പ് തന്നെ ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പുടിൻ ശ്രമിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമങ്ങളെ പുടിന്‍ പ്രശംസിച്ചത് ഇതിന്റെ തെളിവാണ്. ആ ബന്ധം വളർച്ച പ്രാപിക്കുമോ എന്ന് ഉടന്‍ അറിയാം. ഇനിയുള്ള മണുക്കൂറുകളില്‍ ലോകത്തിന്റെ ശ്രദ്ധ അലാസ്കയിലാകും. കൃത്യമായി പറഞ്ഞാല്‍ ആങ്കറേജില്‍.

SCROLL FOR NEXT