WORLD

'അന്യഗ്രഹ ജീവികളുണ്ട്'; ചര്‍ച്ചയായി ബരാക് ഒബാമയുടെ വാക്കുകള്‍

ഒരു അഭിമുഖത്തിലായിരുന്നു ഒബാമയുടെ പരാമർശം

Author : ന്യൂസ് ഡെസ്ക്

അന്യഗ്രഹ ജീവികള്‍ ഉണ്ടോ? എത്രയോ കാലമായി ഈ വിഷയത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു, ചിലര്‍ ഉണ്ടെന്ന് വിശ്വസിക്കുമ്പോള്‍ മറ്റുചിലര്‍ ഇതിനെ വെറും തമാശയായിട്ടാണ് കാണുന്നത്. യഥാര്‍ഥത്തില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടോ?

ചോദ്യം യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയോടാണെങ്കില്‍ അതേ എന്നായിരിക്കും ഉത്തരം. യൂട്യൂബര്‍ ബ്രയാന്‍ ടൈലര്‍ ഒബാമയുമായി നടത്തിയ അഭിമുഖത്തിലാണ് അന്യഗ്രഹ ജീവികള്‍ ചര്‍ച്ചയായത്. അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്ന ചോദ്യത്തിന് യഥാര്‍ഥത്തില്‍ അവ ഉണ്ടെന്നായിരുന്നു മുന്‍ പ്രസിഡന്റിന്റെ മറുപടി.

പക്ഷെ, അവ എവിടെയാണെന്ന് തനിക്കറിയില്ലെന്നും ഒബാമ പറഞ്ഞു. നെവാഡയിലെ യുഎസ് വ്യോമസേനയുടെ രഹസ്യ കേന്ദ്രമായ ഏരിയ 51 ല്‍ അന്യഗ്രഹ ജീവികളെ പാര്‍പ്പിച്ചിട്ടുണ്ടെന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഒബാമ തള്ളുകയും ചെയ്തു.

"അന്യഗ്രഹ ജീവികളുണ്ട്. പക്ഷെ, ഞാന്‍ കണ്ടിട്ടില്ല... ഏരിയ 51 ല്‍ അവരെ പിടിച്ചുവെച്ചിട്ടുമില്ല".

പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ പ്രധാന ചര്‍ച്ചയാണ് ഏരിയ 51. യുഎസിലെ നെവാഡയിലുള്ള ഈ സൈനിക താവളത്തിന്റെ അതീവ രഹസ്യ സ്വഭാവം തന്നെയാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഔദ്യോഗികമായി ഇത് യുഎസ് വ്യോമസേനയുടെ പരിശീലന കേന്ദ്രമാണ്. ചുറ്റും സായുധരായ കാവല്‍ക്കാരും സെന്‍സറുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുള്ള ഈ പ്രദേശത്തേക്ക് സാധാരണക്കാര്‍ക്ക് പ്രവേശനമില്ല.

2013-ല്‍ മാത്രമാണ് സിഐഎ ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് ഔദ്യോഗികമായി സമ്മതിച്ചത്. ഇവിടെ അന്യഗ്രഹ ജീവികളെയും അവരുടെ പറക്കുംതളികകളെയും ഒളിപ്പിച്ചിട്ടുണ്ടെന്നും അവയെക്കുറിച്ച് പഠനം നടത്തുകയാണെന്നുമാണ് ഏരിയ 51 നെ കുറിച്ചുള്ള പ്രധാന ഗൂഢാലോചനാ സിദ്ധാന്തം.

SCROLL FOR NEXT