ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ എല്‍ ഫഷര്‍ നഗരം വിടുന്ന യുവതികള്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായതായി ഡോക്ടര്‍മാരുടെ സംഘം. ദാര്‍ഫൂറിലെ എല്‍ ഫാഷര്‍ നഗരം വിടുന്നതിനിടെ 19 ഓളം പേരെയെങ്കിലും വിമത സൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) ബലാത്സംഗം ചെയ്‌തെന്ന് സുഡാന്റെ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
യുദ്ധത്തിനിടെ അല്‍ ദാബ്ബയിലേക്ക് പലായനംചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ രണ്ട് പേര്‍ ഗര്‍ഭിണികളായിരുന്നുവെന്നും സംഘം പറഞ്ഞു.
'എല്‍ ഫഷറില്‍ നടക്കുന്ന ക്രൂരതകളില്‍ ഭയപ്പെട്ട് പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്ന ആര്‍എസ്എഫിന്റെ നടപടി സുഡാന്‍ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക് അപലപിക്കുന്നു. അടിച്ചമര്‍ത്തുന്നതിനായി സ്ത്രീകളുടെ ശരീരത്തെ ആയുധമായി ഉപയോഗിക്കുന്നതിനെ കുറ്റകരമാക്കി കൊണ്ടുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് ഇതെന്നും ഗ്രൂപ്പ് എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.
2023 ഏപ്രില്‍ മുതല്‍ സുഡാനില്‍ ആഭ്യന്തര കലഹം നടക്കുന്നുണ്ട്. സുഡാന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ ആര്‍എസ്എഫും തമ്മിലാണ് യുദ്ധം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും 12 മില്യണിലധികം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍നിന്ന് എല്‍-ഫഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. പിന്നാലെ കൂട്ടക്കൊലകളും അരങ്ങേറി. മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കുകയായിരുന്നു. ഗാസയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ ആളുകള്‍ 10 ദിവസത്തിനുള്ളില്‍ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.