ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ വീണ്ടും വംശീയ ആക്രമണം. എട്ട് വർഷമായി അയർലൻഡിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ദമ്പതികളുടെ ആറ് വയസ്സുകാരിയായ മകൾക്കാണ് ക്രൂര മർദനമേറ്റത്. ഇന്ത്യയിലേക്ക് മടങ്ങൂ എന്ന് ആക്രോശിച്ചുകൊണ്ട് കൗമാരക്കാരായ മറ്റുകുട്ടികൾ ആറുവയസുകാരിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മർദനമേറ്റെന്ന് അമ്മ പറയുന്നു.
വാട്ടർഫോഡ് സിറ്റിയിലെ വീടിന് പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു കുഞ്ഞിന് നേരെ ആക്രമണമുണ്ടായത്. കണ്ടാൽ 12 ഉം 14ഉം വയസ്സ് തോന്നിക്കുന്ന കുട്ടികളുടെ സംഘമാണ് ആക്രമിച്ചതെന്ന് കുടുംബം പറയുന്നു. പെൺകുട്ടിയുടെ മുഖത്തടിക്കുകയും മുടിയിൽപ്പിടിച്ച് വലിക്കുകയും സൈക്കിൾ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഇടിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങൂ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. മുൻപെങ്ങും ഇത്തരത്തിൽ ഒരനുഭവം ഉണ്ടായിട്ടില്ലെന്നും സ്വന്തം വീട്ടിൽ പോലും സുരക്ഷിതരായി ഇരിക്കാൻ കഴിയുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാണ്. യുവാക്കളാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് അയർലൻ്റിൽ സ്ഥിരതാമസക്കാരനായ മലയാളി ബൈജു ജോർജ് പറഞ്ഞു. കുടുംബത്തോടൊപ്പം പുറത്തിറങ്ങാനോ കുട്ടികൾക്ക് ഒറ്റയ്ക്ക് സ്കൂളുകളിലേക്കോ പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. കുടിയേറ്റക്കാരോ അഭയാർഥികളോ ആണെന്ന തെറ്റിദ്ധാരണയിലാണ് ആക്രമണം നടത്തുന്നതെന്നും ബൈജു ജോർജ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ദിവസങ്ങൾക്ക് മുൻപ് ഡബ്ലിനിൽ ഇന്ത്യൻ വംശജനായ യുവാവ് ക്രൂരമർദനത്തിന് ഇരയായിരുന്നു. ആക്രമണങ്ങൾ പതിവാകുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്.