അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും, ചില ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും ആക്കം കൂട്ടിയിരിക്കുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. അന്യഗ്രഹ ജീവികള്‍ യഥാര്‍ഥത്തില്‍ ഉണ്ടെന്നാണ് ഒബാമയുടെ പക്ഷം. എന്നാല്‍ അവ എവിടെയാണെന്ന് അറിയില്ല, കണ്ടിട്ടുമില്ലെന്ന് ഒബാമ പറയുന്നു. യുഎസ് വ്യോമസേനയുടെ അതീവ രഹസ്യ കേന്ദ്രമായ, നെവാഡയിലെ ഏരിയ 51ല്‍ അന്യഗ്രഹ ജീവികളെ പാര്‍പ്പിച്ചിട്ടുണ്ടെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗൂഢാലോചനാ സിദ്ധാന്തത്തെയും അദ്ദേഹം നിരാകരിച്ചു. യൂട്യൂബറായ ബ്രയാന്‍ ടെയ്‌ലറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒബാമയുടെ വാക്കുകള്‍. എന്താണ് ഏരിയ 51? അന്യഗ്രഹ ജീവികളുമായി ഇതിന് എന്താണ് ബന്ധം?
ഏരിയ 51
ദക്ഷിണ നെവാഡയിലെ ഗ്രൂം ലേക്കില്‍ സജ്ജമാക്കിയിട്ടുള്ള അതീവ സുരക്ഷാ മേഖലയാണ് ഏരിയ 51. കാലിഫോര്‍ണിയയിലെ എഡ്‌വാര്‍ഡ്സ് എയര്‍ ഫോഴ്സ് ബേസാണ് ഇവിടത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. 1950 മുതല്‍ 1990 വരെ യുഎസ് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന നെവാഡ ടെസ്റ്റ് സൈറ്റ്, നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് എന്നീ നിയന്ത്രിത സൈനിക മേഖലയ്ക്ക് സമീപമാണ് ഏരിയ 51. പ്രദേശമാകെ 29 ലക്ഷം ഏക്കറിലധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശീതയുദ്ധ കാലത്താണ് ഏരിയ 51 സൃഷ്ടിക്കപ്പെട്ടത്. പുതിയ പോര്‍വിമാനങ്ങള്‍ വികസിപ്പിക്കുകയും, പരീക്ഷിക്കുകയും ചെയ്തിരുന്നത് ഇവിടെയായിരുന്നു. 1955ല്‍ ഏരിയ 51 പ്രവര്‍ത്തനം തുടങ്ങിയെങ്കിലും, 2013 ഓഗസ്റ്റില്‍ മാത്രമാണ് സിഐഎ ഔദ്യോഗികമായി ഇക്കാര്യം ലോകത്തോട് സമ്മതിച്ചത്.
മുന്‍കാലങ്ങളില്‍ ഏരിയ 51 ഉപഗ്രഹ ചിത്രങ്ങളില്‍പോലും ലഭ്യമല്ലായിരുന്നു. ഇപ്പോഴത് ദൃശ്യമാണ്. ഇവിടെ 3.7 കിലോമീറ്റര്‍ നീളമുള്ള വലിയ റണ്‍വേയുണ്ട്. ഏകദേശം 1500 ആളുകള്‍ ഇവിടെ ജോലിയെടുക്കുന്നുണ്ടെന്നും കരുതപ്പെടുന്നു. ഇവരെ ലാസ് വേഗാസില്‍നിന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളിലാണ് എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുജനങ്ങള്‍ക്കോ, മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പോലും പ്രദേശത്തേക്ക് പ്രവേശനം ഇല്ല. ഏരിയ 51ലേക്ക് അതിക്രമിച്ച് കടക്കുന്നത് അനുവദനീയമല്ലെന്നും, ശിക്ഷിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്ന നിരവധി ബോര്‍ഡുകള്‍ ചുറ്റുമുണ്ട്.
ഏരിയ 51 യുഎസ് വ്യോമസേനയ്ക്കുള്ള തുറന്ന പരിശീലന മേഖലയാണ്. സായുധ സേനയ്ക്ക് പരിശീലനം നൽകുന്ന പ്രദേശത്തേക്ക് ആരെങ്കിലും കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് യുഎസ് വ്യോമസേനയുടെ മുന്നറിയിപ്പ്. ഇലക്ട്രോണിക് സര്‍വൈലന്‍സും, മോഷന്‍ സെന്‍സറുകളും, സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെയായി നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷ നിയമപ്രകാരം, അതിക്രമിച്ച് കടക്കുന്നവര്‍ക്ക് തടവും, പിഴയും ലഭിക്കും. ഏരിയ 51ന് മുകളിലൂടെയുള്ള വ്യോമഗതാഗതവും നിരോധിച്ചിട്ടുണ്ട്.
ഏരിയ 51ല്‍ എന്താണ് നടക്കുന്നത്?
ഏരിയ 51നെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വിരളമാണ്. അത്യാധുനിക പോര്‍ വിമാനങ്ങള്‍ വികസിപ്പിക്കുക, പരീക്ഷിക്കുക, തന്ത്രപ്രധാന പരിശീലനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഇവിടെ നടക്കുന്നതെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം. അതിനപ്പുറം ഒന്നും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട്, ഇവിടെ യഥാര്‍ഥത്തില്‍ എന്താണ് നടക്കുന്നത് എന്നത് അന്നും ഇന്നും അതീവ രഹസ്യമാണ്. യു-2 (U-2) ചാരവിമാനത്തിന്റെയും, ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വിമാനമായ SR-71 ബ്ലാക്ക് ബേർഡിന്റെയും പരീക്ഷണശാല ഏരിയ 51 ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. റഡാറുകളെ വെല്ലാന്‍ ശേഷിയുള്ള സ്റ്റെല്‍ത്ത് (Stealth) സാങ്കേതികവിദ്യയും, അത് ഉപയോഗിച്ചുള്ള എഫ് -117 നൈറ്റ്ഹോക്ക് വിമാനങ്ങളും പിറവിയെടുത്തതും ഇവിടെ നിന്നാണെന്ന് കരുതപ്പെടുന്നു.
ചാരപ്രവര്‍ത്തനത്തിന്റെ ലോകത്തില്‍ വച്ചേറ്റവും അത്യാധുനിക പാഠങ്ങളും പഠനങ്ങളും നടക്കുന്ന ഇടമെന്നാണ് ഏരിയ 51ന്റെ ചരിത്രത്തെക്കുറിച്ച് എഴുതിയിട്ടുള്ള യുഎസ് ജേണലിസ്റ്റ് ആനി ജേക്കബ്‌സണിന്റെ അഭിപ്രായം. ഒരു പരീക്ഷണ, പരിശീലന സംവിധാനമാണ് ഏരിയ 51. 1950കളില്‍ യു-2 (U-2) ചാരവിമാനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഇവിടെ ആരംഭിക്കുന്നത്. ഇപ്പോഴത് ഡ്രോണുകളിലേക്ക് എത്തിയിരിക്കുന്നു എന്നാണ് ആനിയെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
അന്യഗ്രഹജീവികള്‍ ഉണ്ടോ?
ഏരിയ 51ന്റെ അതീവ രഹസ്യ സ്വഭാവം തന്നെയാണ് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് കാരണം. 1947ൽ ന്യൂ മെക്സിക്കോയിലെ റോസ്‌വെല്ലില്‍ കണ്ടെത്തിയ ചില അവശിഷ്ടങ്ങളും അതു സംബന്ധിച്ച ആദ്യ വാര്‍ത്തകളുമാണ് അതിനെല്ലാം അടിസ്ഥാനം. ചില ലോഹ, റബ്ബര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ യുഎസ് സൈന്യം 'പറക്കും തളിക' (flying disc) എന്ന തരത്തിലൊരു പ്രതികരണം നടത്തി. അത് അന്തര്‍ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായി. അതോടെ, തകര്‍ന്നടിഞ്ഞത് അന്യഗ്രഹജീവികളുടെ ബഹിരാകാശ പേടകമാണെന്ന വാദം ഉയര്‍ന്നുവന്നു. പേടകത്തിന്റെയും അതിനെ നിയന്ത്രിച്ചിരുന്ന അന്യഗ്രഹ ജീവികളുടെയും ശേഷിപ്പുകള്‍ ഏരിയ 51ല്‍ ഉണ്ടെന്നും, തുടര്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് വാദം.
യഥാര്‍ഥത്തില്‍, സോവിയറ്റ് യൂണിയന്റെ ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ കണ്ടെത്താനായി യുഎസ് നടത്തിയ പ്രോജക്ട് മോഗളിന്റെ (Project Mogul or Operation Mogul) ഭാഗമായിട്ടുള്ള സൈനിക ബലൂണുകളാണ് റോസ്‌വെല്ലില്‍ തകര്‍ന്നുവീണത്. വളരെ ദൂരെ നിന്നുള്ള ശബ്ദതരംഗങ്ങള്‍ പോലും തിരിച്ചറിയാന്‍ ശേഷിയുള്ള മൈക്രോഫോണുകള്‍ ഘടിപ്പിച്ചുകൊണ്ടാണ് യുഎസ് ഹൈ ആള്‍ട്ടിറ്റ്യൂഡ് ബലൂണുകള്‍ തയ്യാറാക്കിയത്. സോവിയറ്റ് യൂണിയന്റെ ആണവ പരീക്ഷണങ്ങളുടെ ഭാഗമായുള്ള ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന യുഎസ് സൈന്യം, തകര്‍ന്നുവീണത് കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബലൂണ്‍ ആണെന്ന് മാത്രം വിശദീകരിച്ച് കേസും അന്വേഷണവും അവസാനിപ്പിച്ചു.
എന്നാല്‍ 1989ൽ, റോബർട്ട് ലാസർ എന്നയാൾ ഏരിയ 51ൽ ഏലിയന്‍ ടെക്നോളജിയില്‍ പ്രവർത്തിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് രംഗപ്രവേശം ചെയ്തു. അന്യഗ്രഹജീവികളുടെ മെഡിക്കൽ ഫോട്ടോഗ്രാഫുകൾ കണ്ടിട്ടുണ്ടെന്നും, സർക്കാർ യുഎഫ്‌ഒകളെ പരിശോധിക്കാൻ ഈ സൗകര്യം ഉപയോഗിച്ചെന്നും റോബര്‍ട്ട് ലാസര്‍ അവകാശപ്പെട്ടതോടെ, ഗൂഢാലോചന സിദ്ധാന്തം പിന്നെയും സജീവമായി. വിചിത്രമായ ആകാശകാഴ്ചകള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്ന സൈനിക ഉദ്യോഗസ്ഥരായിരുന്ന ചിലരുടെ സാക്ഷ്യപ്പെടുത്തലുകള്‍ വാദപ്രതിവാദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.
ഉപഗ്രഹചിത്രങ്ങളില്‍, മങ്ങിയ നിറത്തില്‍ കാണപ്പെട്ടിരുന്ന സ്ഥലത്തെ എഴുത്താളര്‍ അമാനുഷിക കഥാപാത്രങ്ങളുമായി ചേര്‍ത്തുവച്ചു. നോവലുകളിലും സിനിമകളിലും വന്നുപോകുന്ന റഫറന്‍സുകളും ഇത്തരം ചിന്തകളെ ജ്വലിപ്പിച്ചു. യുഎസ് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ യുഎഫ്ഒ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഇത്തരം സംഭവങ്ങള്‍ക്കെല്ലാം കാരണം അന്യഗ്രഹജീവികളാണെന്ന് അടിവരയിടുന്ന തെളിവുകളൊന്നും ലഭ്യമല്ലാതിരുന്നിട്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. ഏരിയ 51ന്റെ അതീവ രഹസ്യ സ്വഭാവം അതിന് ആക്കം കൂട്ടുകയും ചെയ്തു.
സ്‌റ്റോം ഏരിയ 51
സിഐഎ സ്ഥിരീകരണത്തിനു പിന്നാലെ, ഏരിയ 51 സംബന്ധിച്ച നിഗൂഢതകള്‍ പുറത്തുകൊണ്ടുവരണം എന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച്, 2019 ജൂണ്‍ 27ന് മാറ്റി റോബര്‍ട്ട്സ് എന്നയാള്‍ 'Storm Area 51, They Can't Stop All of Us' എന്നൊരു ഫേസ്ബുക്ക് ഈവന്റ് ക്രിയേറ്റ് ചെയ്തു. "അവരുടെ വെടിയുണ്ടകളേക്കാള്‍ വേഗത്തില്‍ നമുക്ക് ഓടാനാകും. അവര്‍ അന്യഗ്രഹജീവികളാണോ എന്ന് നമുക്ക് നോക്കാം" എന്നായിരുന്നു 2019 സെപ്റ്റംബര്‍ 20ന് ഷെഡ്യൂള്‍ ചെയ്തിരുന്ന പരിപാടിയുടെ ആഹ്വാനം.
നെവാഡയിലെ സൈന്യത്തിന്റെ രഹസ്യ കേന്ദ്രം ആള്‍ക്കൂട്ടം റെയ്ഡ് ചെയ്യുന്നു എന്ന തരത്തില്‍ ഈവന്റ് വലിയ ശ്രദ്ധ പിടിച്ചുപറ്റി. 20 ലക്ഷം ആളുകള്‍ പോകാന്‍ സന്നദ്ധത അറിയിച്ചു. 15 ലക്ഷം പേര്‍ പരിപാടിയില്‍ താല്‍പ്പര്യവും അറിയിച്ചു. ഏരിയ 51ലേക്ക് ആരെങ്കിലും കടക്കാന്‍ ശ്രമിക്കുന്നതിനെ ഏതുവിധേനയും തടയുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി. ഇതോടെ, തമാശയ്ക്കായി ചെയ്ത കാര്യമാണെന്നും, ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി മാറ്റി റോബര്‍ട്ട്സ് രംഗത്തെത്തി. ഒടുവില്‍ 150ഓളം പേരാണ് സെപ്റ്റംബര്‍ 20ന് എത്തിയത്. അവര്‍ക്കാര്‍ക്കും കവാടം കടക്കാനുമായില്ല.
ശീതയുദ്ധ കാലത്ത് യുഎസ് സജ്ജമാക്കിയ സൈനിക പരീക്ഷണ കേന്ദ്രം മാത്രമാണ് ഏരിയ 51 എന്നതാണ് ഇതുവരെ ലഭ്യമായ വിവരങ്ങള്‍. അത്യാധുനിക പോര്‍വിമാനങ്ങളും സാങ്കേതിക വിദ്യയും അതീവ രഹസ്യമായി വികസിപ്പിക്കാനും, പരീക്ഷിക്കാനുമുള്ള ഇടം. ശത്രുക്കളെ പ്രതിരോധിക്കാനുള്ള പുതിയ സാങ്കേതിക വിദ്യകളില്‍ യുഎസ് സൈന്യം പയറ്റിത്തെളിഞ്ഞിരുന്നതും ഇവിടെയാണ്. അത് പുതിയ കാലത്തിനനുസരിച്ച് ഇവിടെ തുടരുന്നുണ്ട്. അത് എന്തെന്നും ഏതെന്നും അറിയാനാകാത്ത കാലത്തോളം, സൈന്യത്തിന്റെ പരീക്ഷണ പറക്കലും പരിശീലനവുമൊക്കെ ആളുകള്‍ക്ക് ആകാശത്തെ വിചിത്ര കാഴ്ചകളായി മാത്രം അനുഭവപ്പെടാം. അവയെ ഭാവനയുടെ നിറം ചേര്‍ത്ത് അവതരിപ്പിക്കുമ്പോള്‍, പുതിയ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉണ്ടായിവരും. യുഎസ് സൈന്യമോ, സര്‍ക്കാരോ വ്യക്തത വരുത്താത്ത കാലത്തോളം, ഏരിയ 51നെ ആ നിഗൂഢത ചൂഴ്ന്നുനില്‍ക്കും. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരും. ദക്ഷിണ നെവാഡയിലെ ഗ്രൂം ലേക്കിന്റെ സമീപ മേഖലകളിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നതും തുടരും.