ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തത് 9.7 കിലോ സ്വർണം. ഏകദേശം 1.3 ദശലക്ഷം ഡോളർ വിലമതിക്കുന്നതാണ് സ്വർണം. ബംഗ്ലാദേശ് റവന്യൂ സെൻട്രൽ ഇന്‍റലിജൻസ് ആണ് സ്വർണം പിടിച്ചെടുത്തത്.
സ്വർണകട്ടികളും, നാണയങ്ങളും ആഭരണങ്ങളുമായി 9.7 കിലോ തൂക്കം വരുന്ന സ്വർണമാണ് ധാക്കയിലെ അഗ്രാനി ബാങ്ക് ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തത്. കോടതി ഉത്തരവ് പ്രകാരം, സെപ്റ്റംബറിലാണ് ലോക്കറുകള്‍ തുറന്നത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്‍റെ ഉറവിടവും നികുതി രേഖകളും പരിശോധിച്ചുവരികയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഹസീനയ്ക്ക് ലഭിച്ച ചില സമ്മാനങ്ങൾ ട്രഷറിയിൽ നിക്ഷേപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹസീനക്കെതിരായ നികുതിവെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളും നാഷണൽ റവന്യൂ ബോർഡ് അന്വേഷിച്ച് വരികയാണ്.
ഇതിനിടെ മൂന്ന് വ്യത്യസ്ത ഭൂമി തട്ടിപ്പ് കേസുകളിലായി ധാക്ക കോടതി ഹസീനയ്ക്ക് 21 വർഷത്തെ തടവുശിക്ഷയും വിധിച്ചു.