വാഷിങ്ടൺ: ചന്ദ്രനിലേക്കുള്ള യാത്രക്കായി ഒരുങ്ങി ആർട്ടെമിസ് ബഹിരാകാശ യാത്രികർ. ചരിത്ര യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോകം കാത്തിരിക്കുകയാണ്. വിക്ഷേപണം വ്യാഴാഴ്ച പുലർച്ചെ 3.54ന് നടക്കുമെന്നാണ് റിപ്പോർട്ട്.
ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി സ്പേസ് ലോഞ്ച് വെഹിക്കിളിൽ ഇന്ധനം നിറച്ചു തുടങ്ങി. ആർട്ടെമിസ് ബഹിരാകാശ യാത്രികർ സർവൈവൽ സ്യൂട്ടുകൾ ധരിച്ചു തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ആർട്ടെമിസ് 2 ബഹിരാകാശ യാത്രയ്ക്ക് അവസാനവട്ട തയ്യാറെടുപ്പ് പുരോഗമിക്കുന്നു
അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ സുപ്രധാന ദൗത്യമാണ് ആർട്ടെമിസ് 2. സാങ്കേതിക തകരാറുകൾ കാരണം പലതവണ മാറ്റിവച്ച ദൗത്യം വൈകാതെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽനിന്ന് കുതിച്ചുയരും. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം 53 വർഷത്തെ ഇടവേള പിന്നിട്ടാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് പോകാൻ തയാറെടുക്കുന്നത്.
32 നിലകളുള്ള കൂറ്റൻ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് നാല് യാത്രികർ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നത്. ഓറയൺ പേടകത്തിൽ ചന്ദ്രനെ വലം വച്ച ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം.
നാസയുടെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, കനേഡിയൻ സ്പേസ് ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവർ ഉൾപ്പെടുന്നതാണ് യാത്രാ സംഘം. 1968 മുതൽ 1972 വരെ പുരുഷന്മാർ മാത്രം പങ്കെടുത്ത അപ്പോളോ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വനിതയും അമേരിക്കൻ പൗരനല്ലാത്ത ഒരാളും കറുത്ത വർഗക്കാരനും ഇത്തവണ സംഘത്തിലുണ്ട്.