WORLD

പാകിസ്ഥാന്റെ ചരിത്രത്തിലാദ്യം! സര്‍ക്കാരിനേക്കാള്‍ അധികാരം, സംയുക്ത പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിന് നിയമനം

സിഡിഎഫ് പദവി ലഭിച്ചതോടെ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി.

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍. സംയുക്ത പ്രതിരോധ സേനാ മേധാവിയായി മുനിറീന് നിയമനം. പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിച്ചു.

പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാര്‍ശ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു.

അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബറിന് രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കാനുള്ള ശുപാര്‍ശയും ആസിഫ് അലി സര്‍ദാരി അംഗീകരിച്ചു.

അസിം മുനീറിന് കൂടുതല്‍ അധികാരം നല്‍കുന്നതിന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് രാജ്യം വിട്ടതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ അധികാരം നല്‍കിയത്. പുതിയ അധികാരം ലഭിക്കുന്നതോടെ കേസുകളില്‍ നിന്നും വിചാരണയില്‍ നിന്നുമെല്ലാം മുനീറിന് ആജീവനനാന്ത സംരക്ഷണം ലഭിക്കും. നവംബര്‍ 12ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് നീക്കം.

നവംബര്‍ 28നായിരുന്നു മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ് മുനീര്‍ വിരമിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതിനായാണ് ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് എന്ന പുതിയ സ്ഥാനം കൊണ്ടുവന്നത്.

SCROLL FOR NEXT