മിഷിഗണിലെ പള്ളിയില്‍ വെടിവെപ്പ്, തീവെപ്പ്  Source: cbc.ca/
WORLD

യുഎസില്‍ പള്ളിയില്‍ വെടിവെപ്പ്, തീവെപ്പ്; നാല് മരണം, എട്ടുപേര്‍ക്ക് പരിക്ക്, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

യുഎസ് മുന്‍ നാവികനായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന 40കാരനാണ് ആക്രമണം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

യുഎസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനുശേഷം പള്ളിക്ക് തീയിട്ട അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഷിഗണിലെ ലേറ്റര്‍ ഡേ സെയ്ന്റ്സിന്റെ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റിലായിരുന്നു അക്രമം. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രാര്‍ഥനക്കിടെയായിരുന്നു ആക്രമണം. പള്ളിയുടെ മുന്‍ വാതിലിലൂടെ വാഹനം ഇടിച്ചുകയറ്റിയ അക്രമി പ്രാര്‍ഥനയ്ക്കെത്തിവരുടെ നേര്‍ക്ക് ആദ്യം വെടിയുതിര്‍ത്തു. പിന്നാലെ പള്ളിക്ക് തീയിട്ടു. ആക്രമണം നടക്കുമ്പോള്‍, നൂറോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. വിവരം അറിയിച്ചയുടന്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെടുകയും ചെയ്തു.

അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന 40കാരനാണ് ആക്രമണം നടത്തിയത്. 2004-2008 കാലത്ത് യു.എസ് നാവികസേനയില്‍ ഉണ്ടായിരുന്നയാളാണ് സാന്‍ഫോര്‍ഡ്. ബർട്ടൺ സ്വദേശിയായ സാന്‍ഫോര്‍ഡ് ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ആസൂത്രിത ആക്രമണമെന്നാണ് എഫ്ബിഐയുടെ പ്രാഥമിക വിലയിരുത്തല്‍. വെടിവെപ്പിനുശേഷം തീയിടാനും, തീ ആളിപ്പടരാനുമായി സ്ഫോടകവസ്തുക്കളും ഗ്യാസോലിനും ഉപയോഗിച്ചതായും സംശയമുണ്ട്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് എഫ്ബിഐ. സാന്‍ഫോര്‍ഡിന്റെ വീട്ടിലും, മൊബൈല്‍ ഫോണും ഉള്‍പ്പെടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പള്ളിയിലുണ്ടായ വെടിവെപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു. യുഎസില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള മറ്റൊരു ആക്രമണമായി തോന്നുന്നു. അക്രമ പകര്‍ച്ചവ്യാധിയെ രാജ്യത്ത് ഉടന്‍ അവസാനിപ്പിക്കണം. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുക. അക്രമി കൊല്ലപ്പെട്ടെങ്കിലും, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ട്രംപ് കുറിച്ചു.

SCROLL FOR NEXT