കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 101 പേരെ കാണാതായെന്ന് ശ്രീലങ്കൻ നാവികസേന. 78 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ഡേനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ശ്രീലങ്കയുടെ തീരത്തിനടുത്ത് ആക്രമണത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെടുത്തിയ സെയിലർമാരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും രക്ഷപ്പെട്ട 32 പേരെ ഗല്ലേയിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുള്ളതായും ശ്രീലങ്കൻ നാവിക, വ്യോമ സേനകൾ അറിയിച്ചു. മറ്റൊരു രാജ്യത്തിൻ്റെ സൈന്യം ഉൾപ്പെടുന്നതിനാൽ രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വിടുന്നില്ലെന്നും ശ്രീലങ്ക വ്യക്തമാക്കി.
ഐറിസ് ഡേന (ഹൾ നമ്പർ 75) ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നാവികസേനയുടെ ഒരു മൗഡ്ജ്-ക്ലാസ് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റാണ്. ബന്ദർ അബ്ബാസിൽ ആഭ്യന്തരമായി നിർമിച്ച ഈ വെസൽ 2021 ലാണ് ഇറാനിലെ സൈന്യത്തിൻ്റെ ഭാഗമാകുന്നത്. കപ്പലിലുണ്ടായിരുന്ന ഏകദേശം 180 നാവികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് സ്ഥിരീകരിച്ചു.