വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പൊലീസുകാർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലാണ് ആക്രമണമുണ്ടായത്. സൈനിക വാഹനം കടന്നുപോകുന്ന മേഖലയില്‍, റിമോർട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സ്ഫോടക വസ്തു സ്ഥാപിച്ചിരുന്നതായാണ് റിപ്പോർട്ട്.
തീവ്രവാദ സംഘടനയായ തെഹ്‌രീക് ഇ താലിബാൻ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് അഞ്ച് പൊലീസുകാർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽ വെച്ചും മരിച്ചതായി ടാങ്ക് ഡെപ്യൂട്ടി പൊലീസ് ചീഫ് പർവേശ് ഷാ അറിയിച്ചു.
പാക് സുരക്ഷാസേനയും, ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ തെഹ്‌രീക് ഇ താലിബാനും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയില്‍, ടിടിപി ഭീകരർക്ക് സംരക്ഷണം നല്‍കുന്നത് അഫ്ഗാന്‍ താലിബാനാണ് എന്നാണ് പാകിസ്ഥാന്‍റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിക്കുന്ന അഫ്ഗാനിസ്ഥാൻ ഇത് പാകിസ്ഥാനിലെ ആഭ്യന്തര സുരക്ഷയുടെ പ്രശ്നമാണെന്ന് കുറ്റപ്പെടുത്തി.
2021-ൽ കാബൂളിൽ താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം ഉണ്ടായ അതിർത്തി പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ നിലയിലാണ്.