ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ യുഎസ് സൈനിക സന്നാഹം ശക്തമാക്കുന്നതിനിടയില്‍, 37 വര്‍ഷത്തെ കീഴ്‌വഴക്കം ലംഘിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. വ്യോമസേന കമാന്‍ഡര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ നിന്ന് ഖമേനി വിട്ടു നിന്നു.
1989-ല്‍ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം, കോവിഡ് മഹാമാരിയുടെ സമയത്ത് പോലും മുടങ്ങാതെ പങ്കെടുത്തിരുന്ന യോഗത്തില്‍ നിന്നാണ് ഇത്തവണ അദ്ദേഹം മാറി നിന്നത്. 1979 ഫെബ്രുവരി 8-ന് ഒരു വിഭാഗം വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള ഖമേനിയോട് കൂറ് പ്രഖ്യാപിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്.
ഖമേനിക്കു പകരം, സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അബ്ദുല്‍ റഹീം മൂസവിയാണ് യോഗത്തില്‍ പങ്കെടുത്ത് കമാന്‍ഡര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്. യുഎസുമായുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഖമേനിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിട്ടുണ്ട്.
അമേരിക്കയുടെ സൈനിക വിന്യാസവും ആക്രമണത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഖമേനിയുടെ പിന്മാറ്റം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഇറാനിലുള്ള യുഎസ് പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
എന്നാല്‍, അമേരിക്കയുടെ ചെറിയ നീക്കം പോലും മിഡില്‍ ഈസ്റ്റിലാകെ വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
യുദ്ധകപ്പലുകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സൈനികവ്യൂഹം നിലവില്‍ ഗള്‍ഫ് മേഖലയില്‍ തുടരുകയാണ്. ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും, കൂട്ടക്കൊല നടത്തുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍, യുഎസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങളുടെ നേതാവിനെ ആക്രമിക്കാന്‍ ആരെങ്കിലും കൈ നീട്ടിയാല്‍, ആ കൈ വെട്ടിമാറ്റുക മാത്രമല്ല, അവരുടെ ലോകം തന്നെ തീയിടുമെന്നായിരുന്നു ഇറാന്റെ മറുപടി.