Source: X/@focuspluss
WORLD

പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ബംഗ്ലാദേശ്; 12.70 കോടി പേർ ഇന്ന് വിധിയെഴുതും

ഷെയ്ഖ് ഹസീന ഭരണം അട്ടിമറിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.

Author : ന്യൂസ് ഡെസ്ക്

ധാക്ക: ഒന്നര പതിറ്റാണ്ടുകാലത്തെ ഷെയ്ഖ് ഹസീന ഭരണം അട്ടിമറിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ബംഗ്ലാദേശ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും നയിക്കുന്ന മുന്നണികള്‍ തമ്മിലാണ് മത്സരം. 300 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 12 കോടി 70 ലക്ഷം പൗരന്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്.

2024ലെ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ അടിച്ചമർത്താന്‍ നടത്തിയ ഭരണകൂട നടപടികളില്‍ വധശിക്ഷ വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് വിലക്ക് മൂലം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അവതരിപ്പിച്ച 84 പരിഷ്കാരങ്ങളില്‍ ഹിത പരിശോധനയും തെരഞ്ഞെടുപ്പിനൊപ്പം നടക്കും.

1,755 സ്ഥാനാർഥികളും 273 സ്വതന്ത്രരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഇതിൽ രാജ്യത്തിനകത്തും പുറത്തും പോസ്റ്റൽ ബാലറ്റ് വഴി വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തവരും ഉൾപ്പെടുന്നു. വോട്ടെടുപ്പ് സമയത്ത് സുരക്ഷ ഉറപ്പാക്കാൻ 900,000 നിയമ നിർവഹണ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ചീഫ് ഇലക്ഷൻ കമ്മീഷണർ എ.എം.എം. നാസിർ ഉദ്ദീനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് നാലു മണിയോടെ അവസാനിക്കും. പോളിങ് പൂർത്തിയാവുന്ന ഉടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം 300 പാർലമെൻ്റ് മണ്ഡലങ്ങളിലായി 64 ജില്ലകളിലെ 42,761 പോളിങ് കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. വെള്ളിയാഴ്ച ഉച്ചയോടെ ആദ്യ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങും.

SCROLL FOR NEXT