ധാക്ക: പ്രക്ഷോഭം കനക്കുന്നതിനിടെ വിദ്യാർഥി നേതാവിന് വെടിയേറ്റു. ബിഎൻപിയുടെ ഖുൽന ഡിവിഷൻ തലവൻ മുത്തലിബ് ഷിക്ദാറിനാണ് വെടിയേറ്റത്. തലയുടെ ഇടതുഭാഗത്തായി വെടിയേറ്റ മുഹമ്മദ് മുത്തലിബ് ഷിക്ദാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞാഴ്ച മുതൽ സംഘർഷങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്.
ബംഗ്ലാദേശ് പ്രക്ഷോഭത്തിൻ്റെ മുന്‍നിര നേതാവും ഇങ്ക്വിലാബ് മഞ്ച എന്ന സംഘടനയുടെ വക്താവുമായിരുന്നു ഒസ്മാന്‍ ഹാദി. 2024-ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ പ്രക്ഷോഭത്തിലെ പ്രധാന നേതാവായിരുന്നു ഇദ്ദേഹം. 2026-ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു ഹാദിക്കു നേരെ ആക്രമണം നടന്നത്. ധാക്കയില്‍ പള്ളിയില്‍ പോകുന്നതിനിടെയായിരുന്നു 32കാരനായ ഷെരീഫ് ഒസ്മാന്‍ ഹാദിക്ക് വെടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്കയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കും മാറ്റുകയായിരുന്നു. ഹാദിയുടെ മരണ വാര്‍ത്ത പുറത്തു വന്നതോടെ ബംഗ്ലാദേശില്‍ ഉടനീളം വ്യാപകമായ അക്രമങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുകയായിരുന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്കും അവാമി ലീഗ് ഓഫീസുകള്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായി. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നതായി ആരോപിച്ച് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയും പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.