Image: X
WORLD

അന്ത്യവിശ്രമം ദേശീയ കവിയുടെ ഖബറിടത്തിനു സമീപം; ഒസ്മാന്‍ ഹാദിയുടെ ഖബറടക്കം ഇന്ന്

കുടുംബത്തിൻ്റെ അഭ്യര്‍ഥന മാനിച്ചാണ് ഖബറടക്കം ഇവിടെ നിശ്ചയിച്ചത്

Author : ന്യൂസ് ഡെസ്ക്

ധാക്ക: മരണപ്പെട്ട ബംഗ്ലാദേശി വിദ്യാര്‍ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയുടെ ഖബറടക്കം ഇന്ന്. ബംഗ്ലാദേശ് ദേശീയ കവി കാസി നസ്രുള്‍ ഇസ്ലാമിന്റെ ഖബറിടത്തിന് സമീപമാണ് ഒസ്മാന്‍ ഹാദിയുടെ അന്ത്യ വിശ്രമം. ഹാദിയുടെ കുടുംബത്തിൻ്റെ അഭ്യര്‍ഥന മാനിച്ചാണ് ഖബറടക്കം ഇവിടെ നിശ്ചയിച്ചത്.

ശനിയാഴ്ച ഉച്ചയോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഹാദിക്ക് വെടിയേറ്റത്. സിങ്കപ്പൂരില്‍ ചികിത്സയിലായിരുന്ന ഹാദി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴങ്ങിയത്. ധാക്കയില്‍ പള്ളിയില്‍ പോകുന്നതിനിടെയായിരുന്നു 32കാരനായ ഷരീഫ് ഒസ്മാന്‍ ഹാദിക്ക് വെടിയേറ്റത്.

ഹാദിയുടെ മരണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മൃതദേഹം ധാക്കയിലെത്തിച്ചു. ശനിയാഴ്ച രണ്ട് മണിയോടെ ബംഗ്ലാദേശ് പാര്‍ലമെന്റ് മന്ദിരമായ ജാതീയ സങ്ക്‌സദ് ബഭവനിലെ സൗത്ത് പ്ലാസയില്‍ പ്രത്യേക പ്രാര്‍ഥനയുണ്ടാകും.

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാവും ഇങ്ക്വിലാബ് മഞ്ച എന്ന സംഘടനയുടെ വക്താവുമായിരുന്നു ഒസ്മാന്‍ ഹാദി. 2024-ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ പ്രക്ഷോഭത്തിലെ പ്രധാന നേതാവായിരുന്നു ഇദ്ദേഹം.

2026-ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു ഹാദിക്കു നേരെ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്കയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കും മാറ്റുകയായിരുന്നു.

ഹാദിയുടെ മരണ വാര്‍ത്ത പുറത്തു വന്നതോടെ ബംഗ്ലാദേശില്‍ ഉടനീളം വ്യാപകമായ അക്രമങ്ങളും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. മാധ്യമ സ്ഥാപനങ്ങള്‍ക്കും അവാമി ലീഗ് ഓഫീസുകള്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായി. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നതായി ആരോപിച്ച് പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയും പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

ഹാദിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ഡിസംബര്‍ 20 ന് ഔദ്യോഗിക ദുഃഖാചരണ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT