WORLD

'നിങ്ങളുടേത് മാത്രമല്ല, ഇന്ത്യയുടേയും അകമഴിഞ്ഞ പിന്തുണയുണ്ട്'; അമേരിക്കയ്ക്ക് നെതന്യാഹുവിന്റെ മറുപടി

അമേരിക്ക - ഇറാന്‍ സമാധാന ചര്‍ച്ചകളെ ഇസ്രയേല്‍ വിമര്‍ശിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ജെ.ഡി. വാന്‍സ് രംഗത്തെത്തിയിരുന്നു. ഇതിനാണ് നെതന്യാഹുവിന്റെ മറുപടി

Author : ന്യൂസ് ഡെസ്ക്

ജറുസലേം: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിന് വലിയ തോതില്‍ പിന്തുണയുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിന്റെ 'ഒരേയൊരു ശക്തനായ സഖ്യകക്ഷി' അമേരിക്ക മാത്രമാണെന്നായിരുന്നു വാന്‍സിന്റെ അവകാശവാദം.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ ഇസ്രയേല്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പ്രതികരണം. ലോകത്ത് ഇസ്രയേലിന് അവശേഷിക്കുന്ന ഒരേയൊരു ശക്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്നും അതിനാല്‍ തങ്ങളെ ആക്ഷേപിക്കരുതെന്നുമായിരുന്നു വാന്‍സ് പറഞ്ഞത്.

'ഞങ്ങള്‍ക്ക് വേറെയും ചില സുഹൃത്തുക്കളുമുണ്ട്. ഉദാഹരണത്തിന് ഇന്ത്യയെന്ന ഒരു ചെറിയ രാജ്യം. അവിടെ 140 കോടി ജനങ്ങളുണ്ട്. അവിടെ നിന്ന് ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഫേസ്ബുക്കിലും ഇസ്രയേലിന് ഇന്ത്യയില്‍ നിന്ന് വന്‍ പിന്തുണ ലഭിക്കുന്നുണ്ട്' - ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.

'ഞാന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ നിന്ന് എനിക്ക് വന്‍തോതില്‍ പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയും ഇസ്രയേലും തമ്മില്‍ നല്ലൊരു ബന്ധമാണുള്ളത്.' - നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ഇന്ത്യ ഒരു ആഗോള ശക്തിയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി മുന്‍പ് പറഞ്ഞിരുന്നു.

ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുടെ നിലപാട് ഇസ്രയേലിനൊപ്പമാണെന്നും ബന്ധം ദൃഢമായി നിലകൊള്ളുന്നുവെന്നും മോദി ആ സമയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ഇറാനെതിനെതിരായ ആക്രമണം നടത്തുന്നതിന് രണ്ട് ദിവസം മുന്‍പായിരുന്നു മോദിയുടെ സന്ദര്‍ശനം. ശേഷമാണ് സമ്പൂര്‍ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടത്.

ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ മോദിക്കെതിരായി വലിയ വിമര്‍ശനം ഉയരുകയുണ്ടായി. പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് ഇറാനെതിരായ ആക്രമണം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.

SCROLL FOR NEXT