WORLD

യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിന് കൂക്കിവിളി, പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത് നൂറോളം പ്രതിനിധികള്‍

പാശ്ചാത്യ രാജ്യങ്ങള്‍ സമ്മര്‍ദ്ദത്തില്‍പ്പെട്ടുവെന്നാണ് കരുതുന്നതെന്നും എന്നാല്‍ ഇസ്രയേല്‍ ഇത്തരം സമ്മര്‍ദ്ദത്തില്‍ ഒന്നും വീഴില്ലെന്നും നെതന്യാഹു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുഎന്‍ പൊതു സഭയില്‍ പ്രതിഷേധം. ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു പ്രതിനിധികള്‍ പലരും കൂക്കിവിളിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തത്. ഗാസയ്‌ക്കെതിരെ തുടരുന്ന സൈനിക നടപടികളിൽ പ്രതിഷേധിച്ചാണ് പ്രതിനിധികള്‍ നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചത്.

എന്നാല്‍ ഇതിലൊന്നും ഇസ്രയേല്‍ വഴങ്ങില്ലെന്നും തുടങ്ങി വെച്ച ജോലി പൂര്‍ത്തീകരിക്കുമെന്നുമാണ് നെതന്യാഹു പറഞ്ഞത്. പാശ്ചാത്യ രാജ്യങ്ങള്‍ സമ്മര്‍ദ്ദത്തില്‍പ്പെട്ടുവെന്നാണ് കരുതുന്നതെന്നും എന്നാല്‍ ഇസ്രയേല്‍ ഇത്തരം സമ്മര്‍ദ്ദത്തില്‍ ഒന്നും വീഴില്ലെന്നും നെതന്യാഹു പറഞ്ഞു.

എന്നാല്‍ പ്രസംഗത്തിന് മുമ്പ് പ്രതിനിധികള്‍ ഇറങ്ങിപ്പോയ സംഭവത്തിലും നെതന്യാഹു പ്രതികരിച്ചു. 'നിങ്ങളുടെ ഈ തീരുമാനം ലോകത്തെവിടെയുമുള്ള നിഷ്‌കളങ്കരായ ആളുകളെയും ജൂതന്മാര്‍ക്കെതിരായ ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്,' എന്നാണ് നെതന്യാഹു പറഞ്ഞത്.

അതേസമയം ഒരുഭാഗത്ത് ഒരുവിഭാഗം പ്രതിനിധികള്‍ കൂക്കി വിളിക്കുമ്പോള്‍ മറുഭാഗത്ത് ഇസ്രയേല്‍, യുഎസ് പ്രതിനിധികള്‍ കൈയ്യടിച്ചു നെതന്യാഹുവിനെ പിന്തുണച്ചു. ഗാസയ്‌ക്കെതിരായ അതിക്രത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്നതിനിടെയാണ് യുഎന്നിലും പ്രതിഷേധം നേരിട്ടത്.

യുഎന്‍ പൊതുസഭയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരോക്ഷ വിമര്‍ശനവുമായി ചൈനീസ് പ്രതിനിധി ലീ ക്വാങ് രംഗത്തെത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണം ട്രംപിന്റെ താരിഫ് നയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

SCROLL FOR NEXT