Benjamin Netanyahu, Tel Aviv after Iranian missile attacks Source; X / IRNA News Agency
WORLD

ബാലിസ്റ്റിക് മിസൈൽ ഉൽപാദന കേന്ദ്രങ്ങൾ ഉൾപ്പടെ എല്ലാ സ്ഥലങ്ങളും ആക്രമിക്കും; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരികയാണ്.ഇറാനിലെ കങ്കൺ തുറമുഖത്തെ റിഫൈനറിയിലാണ് ഇസ്രയേൽ ഡ്രോൺ ആക്രമണം.

Author : ന്യൂസ് ഡെസ്ക്

ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിലെ എല്ലാ സ്ഥലങ്ങളും ആക്രമിക്കും.ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ഉൽപാദന കേന്ദ്രങ്ങളും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേൽ പ്രകോപനം തുടർന്നാൽ കൂടുതൽ കടുത്ത പ്രതികരണമുണ്ടാകുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞിരുന്നു. സൈനിക പ്രതിരോധത്തെ തടഞ്ഞാൽ അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച് ബേസുകൾ ആക്രമിക്കുമെന്ന് നേരത്തേ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

മുന്നറിയിപ്പിനു പിന്നാലെ ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരികയാണ്.ഇറാനിലെ കങ്കൺ തുറമുഖത്തെ റിഫൈനറിയിലാണ് ഇസ്രയേൽ ഡ്രോൺ ആക്രമണം. ബുഷെർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ. ലോകത്തെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തം നിയന്ത്രണവിധേയമാക്കിയെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു.

ഇസ്രയേൽ ഇറാൻ സംഘർഷം ലോകമാകെ ആശങ്ക ഉയർത്തുകയാണ്. സമാധാനത്തിന് ആഹ്വാനം ചെയ്ത് ലോക രാജ്യങ്ങൾ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ചു. സമാധാനം പുനസ്ഥാപിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് ആഹ്വാനം ചെയ്ത് മാർപാപ്പയും പ്രതികരിച്ചു.

അതേസമയം പശ്ചിമേഷ്യയെ കലുഷിതമാക്കി ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. ഇന്നലെ പുലർച്ചെയും രാത്രിയും ഇറാനിലെ ഫോർദോ ആണവകേന്ദ്രത്തിലും ഇസ്ഫഹാൻ ആണവകേന്ദ്രത്തിലും ഇസ്രയേൽ ആക്രമണം നടത്തി. പിന്നാലെ ഇസ്രയേലിലേക്ക് മിസൈൽ വർഷം നടത്തി ഇറാൻ തിരിച്ചടിച്ചു. ടെൽ അവീവിൽ ഉണ്ടായ മിസൈലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്കേറ്റു.

ഓപ്പറേഷൻ റൈസിങ് ലയണെന്ന സൈനിക നടപടിയുടെ ഭാഗമായി ഇറാനിൽ ഇസ്രയേൽ ആക്രണം ഇന്നലെയും തുടർന്നു. ആണവകേന്ദ്രങ്ങളും ആയുധ സംവിധാനങ്ങളും സൈനികോദ്യഗസ്ഥരുടെയും ആണവശാസ്ത്രജഞരുടെയും വസതികളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്‍റ രണ്ടാം തരംഗത്തിൽ ഇറാന്‍റെ ഏറ്റവും തന്ത്രപ്രധാനമായ ഫോർദോ ആണവകേന്ദ്രം ഇന്നലെ രാത്രി ഇസ്രയേൽ ആക്രമിച്ചു. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെഹ്രാബാദ് വിമാനത്താവളത്തിലും ഇസ്രയേൽ ആക്രമണുണ്ടായി. നതാൻസ് ആണവകേന്ദ്രം ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. ഇറാന്‍റെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന, ഖോം പട്ടത്തിനടുത്തുള്ള ഫോർദോയിലെ ആണവകേന്ദ്രവും ഇസ്ഫഹാനിലെ ആണവകേന്ദ്രവും ആക്രമിച്ചതാണ് ഇസ്രയേൽ ഇന്നലെ രാത്രി നടത്തിയ ഏറ്റവും ശ്രദ്ധേയമായ സൈനിക നീക്കം.

അതേസമയം ഇറാനിൽ നിന്ന് അതിക്തമായ തിരിച്ചടിയും ഇസ്രായേലിലേക്ക് ഉണ്ടായി. ഓപ്പറേഷൻ ട്രൂ പ്രോമിസ് ത്രീ എന്ന പേരിൽ നടത്തിയ സൈനിക നടപടിയിൽ നൂറുകണക്കിന് ബലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിലേക്ക് ഇറാൻ രണ്ട് ഘട്ടങ്ങളായി വർഷിച്ചത്. മിസൈലുകൾ ഇസ്രയേലിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടുത്തെങ്കിലും 7 പ്രൊജക്റ്റൈലുകൾ ടെൽ അവീവിൽ പതിച്ചു. 60 ലധികം ആളുകൾ പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്നതടക്കം ഇസ്രയേലിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കാൻ ഇറാൻ ആക്രമണത്തിന് കഴിഞ്ഞു. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇറാൻ അസഹ്യമായ വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രതികരിച്ചു.

അതേസമയം ഇരുപക്ഷവും അക്രമം അവസാനിപ്പിക്കണമെന്നും നയതന്ത്രത്തിന്‍റെയും സമാധാനത്തിന്‍റെയും മാർഗത്തിലേക്ക് വരണമെന്നും യുഎൻ സെക്രട്ടറി ജെനറൽ അന്‍റോണിയോ ഗുറ്റരസ് എക്സിൽ കുറിച്ചു. ഇതിനിടെ ഒമാനിൽ നടക്കാനിരുന്ന അമേരിക്ക - ഇറാൻ ആറാംഘട്ട ആണവ കരാർ ചർച്ചകൾ മാറ്റിവെച്ചു . യു എസുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം . അറബ് രാഷ്ട്രത്തലവൻമാരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു .

SCROLL FOR NEXT