WORLD

ബൊളീവിയയില്‍ പണം നിറച്ചെത്തിയ കാർഗോ വിമാനം തകർന്ന് 15 പേർക്ക് ദാരുണാന്ത്യം; വാരിക്കൂട്ടി ജനക്കൂട്ടം, ഒടുവിൽ ട്വിസ്റ്റ്!

മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലാ പാസ്: ബൊളീവിയയില്‍ ഞെട്ടിക്കുന്ന വിമാന ദുരന്തത്തിൽ 15 പേർക്ക് ദാരുണാന്ത്യം. കേന്ദ്ര ബാങ്കില്‍ നിന്ന് പണം കൊണ്ടുപോയ ബൊളീവിയൻ വ്യോമസേനയുടെ കാർഗോ വിമാനമാണ് ഹൈവേയോട് ചേർന്ന് തകർന്നുവീണത്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഹെർക്കുലീസ് സി 130 എന്ന ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന കാർഗോ വിമാനമാണ് സാൻ്റാ ക്രൂസിലെ കേന്ദ്ര ബാങ്കിൽ നിന്ന് പണം കൊണ്ടുപോകവെ അപകടത്തിൽപ്പെട്ടത്. തലസ്ഥാനമായ ലാ പാസിന് സമീപമുള്ള എൽ ആൾട്ടോ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായതെന്ന് പ്രതിരോധ മന്ത്രി മാഴ്സലോ സലിനാസ് പറഞ്ഞു. ഹൈവേയിലെ കാറുകളിൽ ഉണ്ടായിരുന്നവരും അപകടത്തിൽപ്പെട്ടതായി സംശയമുണ്ട്.

അതേസമയം, വിമാനത്തില്‍ നിന്ന് തെറിച്ചുവീണ നോട്ടുകെട്ടുകള്‍ക്കായി ഇരച്ചെത്തിയ ജനക്കൂട്ടം തിരക്കു കൂട്ടുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ സീരിയൽ നമ്പറുകൾ പതിപ്പിക്കാത്ത നോട്ടുകൾക്ക് കൈമാറ്റത്തിന് യോഗ്യമല്ലെന്ന് കേന്ദ്ര ബാങ്ക് പ്രസിഡൻ്റ് ഡേവിഡ് എസ്‌പിനോസ പറഞ്ഞു.

SCROLL FOR NEXT