WORLD

ഇസ്രയേലിനെതിരെ യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി കൊളംബിയ; പിന്നാലെ പെട്രോയ്ക്കരികിലെത്തി തലയിൽ ചുംബിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്

ഇസ്രയേലിന്റെ കടുത്ത വിമര്‍ശകനാണ് ഗുസ്താവോ പെട്രോ

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നെറ്റിയില്‍ ചുംബിക്കുന്ന ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോള്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ഗുസ്താവോയുടെ അപ്രതീക്ഷിത നീക്കം. പെട്രോയെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി.

പൊതു സഭയില്‍ സംസാരിക്കവെ, ഇസ്രയേലികളെ നാസികളെന്നും ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തുകയാണെന്നും പെട്രോ വിമര്‍ശിച്ചു. പലസ്തീനിനെ സ്വതന്ത്രമാക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ നയിക്കുന്ന ഒരു അന്താരാഷ്ട്ര സൈനിക കൂട്ടായ്മ ആവശ്യമാണെന്നും പെട്രോ ആവശ്യപ്പെട്ടു. ഇസ്രയേലിന് ആയുധങ്ങള്‍ കയറ്റി അയക്കുന്ന കപ്പലുകള്‍ തടയണമെന്ന ആവശ്യവും പെട്രോ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് ഗുസ്താവോ പെട്രോയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തിന്‍റെ തലയിൽ ചുംബിച്ചത്.

ഇസ്രയേലിന്റെ കടുത്ത വിമര്‍ശകനാണ് ഗുസ്താവോ പെട്രോ. ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നതും കൊളംബിയ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2023 ഒക്ടോബറില്‍ ഗാസയിലെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രിയെ നാസികളോട് ഉപമിച്ചതിന് പിന്നാലെ കൊളംബിയയ്ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നത് ഇസ്രയേല്‍ തടഞ്ഞിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലില്‍ നിന്നും ആയുധങ്ങൾ വാങ്ങുന്നത് പൂർണമായും കൊളംബിയ അവസാനിപ്പിക്കുകയായിരുന്നു.

2024 മെയില്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കൊളംബിയ അവസാനിപ്പിക്കുന്നതായി പെട്രോ പ്രഖ്യാപിച്ചു. ഇസ്രയേല്‍ നേതൃത്വത്തെ കൂട്ടക്കുരുതി നടത്തുന്ന രാജ്യം എന്നു വിളിച്ചുകൊണ്ടായിരുന്നു കൊളംബിയയുടെ നടപടി. ഇസ്രയേലിനെതിരായ അന്താരാഷ്ട്ര കോടതിയിലെ ദക്ഷിണാഫ്രിക്കയുടെ വംശഹത്യാ കേസില്‍ കൊളംബിയ കക്ഷി ചേരുകയും ചെയ്തിരുന്നു.

യുഎന്നില്‍ ആദര സൂചകമായി പെട്രോയെ ചുംബിക്കുന്ന ലുല ഡ സില്‍വയുടെ ചിത്രം അന്താരാഷ്ട്ര സമൂഹത്തില്‍ ഗാസയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ കൂടെ ശക്തമായ അടയാളമാകുന്നു.

SCROLL FOR NEXT