ന്യൂഡല്‍ഹി: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ കവര്‍ച്ചാ കേസായ 'പ്രൊജക്ട് 24' ല്‍ മുഖ്യ പ്രതികളിലൊരാളായ അര്‍സലാന്‍ ചൗധരി പിടിയില്‍. ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 20 മില്യണ്‍ ഡോളര്‍ (ഏകദേശം 166 കോടി രൂപ) മൂല്യം വരുന്ന സ്വര്‍ണം കവര്‍ന്ന കേസാണ് 'പ്രൊജക്ട് 24'.
ദുബായില്‍ നിന്ന് ടൊറന്റോ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അര്‍സലന്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കാനഡ രാജ്യവ്യാപകമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മോഷണം, നിയമവിരുദ്ധമായി സ്വത്ത് കൈവശം വെക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എയര്‍ കാനഡയിലെ മുന്‍ ജീവനക്കാരായ പരംപാല്‍ സിദ്ധു, സിമ്രന്‍ പ്രീത് പനേസര്‍ എന്നിവരുള്‍പ്പെടെ പത്തോളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ സിമ്രാന്‍ പ്രീത് പനേസര്‍ ഇന്ത്യയിലുണ്ടെന്നാണ് സംശയിക്കുന്നത്.
2023 ഏപ്രില്‍ 17-നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയ 400 കിലോഗ്രാം സ്വര്‍ണ്ണവും (6,600 ഗോള്‍ഡ് ബാറുകള്‍) വലിയൊരു തുക വിദേശ കറന്‍സിയും ടൊറന്റോ വിമാനത്താവളത്തിലെ ഗോഡൗണില്‍ നിന്ന് കാണാതായത്. വ്യാജ എയര്‍വേ ബില്ലുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
സ്വര്‍ണവും പണയും എയര്‍ കാനഡയുടെ കാര്‍ഗോ ടെര്‍മിനലിലേക്കാണ് മാറ്റിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് ഇവിടെ നിന്ന് കാണാതാകുകയായിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ വളരെ ലളിതമായിട്ടായിരുന്നു പ്രതികളുടെ ഓപ്പറേഷന്‍.
ഒരു ട്രക്കുമായി എത്തിയ പ്രതികള്‍ തലേദിവസം എത്തിയ സമുദ്രവിഭവങ്ങളുടെ രേഖകളുടെ വ്യാജ കോപ്പി ഹാജരാക്കി. ഈ വ്യാജ എയര്‍വേ ബില്ല് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയും സ്വര്‍ണ്ണവും പണവും ട്രക്കില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.
വിമാനം ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കവര്‍ച്ച ഉദ്യോഗസ്ഥര്‍ അറിയുന്നത് സ്വര്‍ണം സൂക്ഷിച്ച പെട്ടി തുറന്നപ്പോള്‍ മാത്രമാണ്. എയര്‍ കാനഡ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്തരത്തിലൊരു കവര്‍ച്ച അസാധ്യമാണെന്നായിരുന്നു കാനഡ പൊലീസിന്റെ അനുമാനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് എയര്‍ കാനഡ ജീവനക്കാരായ പരംപാല്‍ സിദ്ധുവും സിമ്രന്‍ പ്രീത് പനേസറുമാണെന്ന് വ്യക്തമായി.
പനേസര്‍ ഇന്ത്യയിലുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഛണ്ഡീഗഡിന് സമീപത്തായി ഇയാള്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തതായും കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മറ്റൊരു പ്രതിയായ അര്‍ച്ചിത് ഗ്രോവറിനെ 2024 മെയ് മാസത്തില്‍ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയിരുന്നു. മുന്‍ എയര്‍ കാനഡ ജീവനക്കാരനായ പരംപാല്‍ സിദ്ധു, പ്രശാന്ത് പരമലിംഗം, അലി റാസ, അമ്മാദ് ചൗധരി, ഡുറാന്റി കിങ് മക്ലീന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍.