WORLD

അസാധാരണ നീക്കം? ചൈന ആണവ മിസൈല്‍ സൈറ്റിന് സമീപം ലോഞ്ച് പാഡുകള്‍ നിര്‍മിക്കുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ചൈനയിലെ സ്ട്രാറ്റജിക് മിസൈല്‍ ഫീല്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഷിന്‍ജിയാങ്, ഗാന്‍സു എന്നിവിടങ്ങളിലായാണ് ലോഞ്ച് പാഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ബീജിങ്: വിദൂര മരുഭൂമി പ്രദേശത്തുള്ള ആണവ മിസൈല്‍ സൈറ്റിന് സമീപം ചൈന ലോഞ്ച് പാഡുകള്‍ നിര്‍മിക്കുന്നതിന്റെ ദൃശ്യം പുറത്ത്. ബീജിങ്ങിലെ ആണവ ശക്തിയെ ശക്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും മുന്‍പൊരിക്കലും ഇത്തരമൊന്ന് കണ്ടിട്ടില്ലെന്നും യുഎസ് ഗവേഷകന്‍ വിശദീകരിച്ചതായും ന്യൂസ് ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് പറയുന്നു.

മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമായി എണ്‍പതിലധികം പുതിയ വിക്ഷേപണ ലോഞ്ച് പാഡുകളും കൂറ്റന്‍ സൈനിക ബങ്കറുകളും അതിവേഗം നിര്‍മിക്കപ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയിലെ സ്ട്രാറ്റജിക് മിസൈല്‍ ഫീല്‍ഡുകള്‍ സ്ഥിതി ചെയ്യുന്ന ഷിന്‍ജിയാങ്, ഗാന്‍സു എന്നിവിടങ്ങളിലായാണ് ലോഞ്ച് പാഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. അപ്രതീക്ഷിത ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുന്നതിന് വേണ്ടിയാണ് ലോഞ്ച് പാഡുകള്‍ നിര്‍മിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

'ഇങ്ങനെയൊന്ന് ഇതുവരെയും ഞാന്‍ കണ്ടിട്ടില്ല. അത് ഒരു അസാധാരണമായ പരിശ്രമം തന്നെയാണ്,' എന്നാണ് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൈന്റിസ്റ്റ്‌സ് ന്യൂക്ലിയര്‍ ഇന്‍ഫര്‍മേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഹാന്‍സ് ക്രിസ്റ്റെന്‍സന്‍ പറഞ്ഞു.

ചൈനയും യുഎസും തമ്മിലുള്ള ആണവ ശേഷി സംബന്ധിച്ച മത്സരമാണ് ഇപ്പോഴുള്ള മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്.

SCROLL FOR NEXT