ഐസ്‌ലാൻഡിലും കൊതുക് എത്തി Source; Social Media
WORLD

ഐസ്‌ലാൻഡിലും കൊതുക് എത്തി; ആഗോള താപനം രൂക്ഷമാകുന്നുവെന്ന് പഠനം

ഹിമപാളികൾ വളരെ വേഗം ഉരുകുന്നതായും അയല പോലുള്ള ദക്ഷിണ പ്രദേശങ്ങളിലെ മത്സ്യങ്ങൾ ഐസ്‌ലാൻഡിക് വെള്ളത്തിൽ പ്രത്യക്ഷപ്പെടുന്നതും കണ്ടെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

റെയിക്‌ ജാവിക്: ആഗോള താപനത്തിൻ്റെ ഫലമായി ഐസ്‍ലൻഡിൽ ആദ്യമായി കൊതുകിൻ്റെ സാന്നിധ്യം കണ്ടെത്തി. കനത്ത തണുപ്പിനെ അതിജീവിക്കാൻ സാധിക്കാത്തത് കൊണ്ട് ഇതുവരെ ഐസ് ലൻഡിലും അൻ്റാർട്ടിക്കയിലും കൊതുകിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ ചൂട് കൂടിയതും ഹിമപാളികൾ തകരാൻ തുടങ്ങിയതും ഐസ്‍ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കാലാവസ്ഥ തന്നെ മാറ്റിമറച്ചു.

പ്രജനനത്തിന് അനുകൂലമായ ചതുപ്പ് നിലങ്ങളും കുളങ്ങളും ഐസ് ലൻഡിലുളളതിനാൽ കൊതുകുകൾ പെരുകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഐസ്‌ലാൻഡിലെ നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജന്തുശാസ്ത്രജ്ഞനായ മത്തിയാസ് ആൽഫ്രെഡ്സൺ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ക്ജോസിലെ കിഡാഫെല്ലിൽ നിശാശലഭങ്ങളെ കുടുക്കാൻ ഉപയോഗിക്കുന്ന ഒരു കെണിയിൽ നിന്നാണ് കൊതുകുകളുടെ വിഭാഗത്തിലുള്ള ജീവികളെ കണ്ടെത്തിയത്.

തണുപ്പിനെ ചെറുക്കാൻ കഴിവുള്ള കുലിസെറ്റ ആനുലാറ്റ എന്ന ഇനത്തിൽപ്പെട്ട കൊതുകുകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞു. ഐസ്‌ലൻഡിലെ കഠിനമായ ശൈത്യകാലത്തെ അതിജീവിക്കാൻ ഇവയ്ക്കു കഴിയുമെന്നാണ് വിലയിരുത്തൽ. താപനില ഉയരുന്നത് കൊതുകുകൾ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുന്നു. ഐസ്‌ലാൻഡിന് പരിചയമില്ലാത്ത ഈ ജീവികളുടെ വരവ് മറ്റ് പല പ്രശ്നങ്ങൾക്കും കാരണമായേക്കുമെന്നാണ് ആശങ്ക.

അതോടൊപ്പം ആഗോള താപനം രൂക്ഷമാകുന്നത് ഇനിയും എതൊക്ക മാറ്റങ്ങൾക്കും, വിപത്തുകൾക്കും കാരണമാകുമെന്നും അറിയേണ്ടതുണ്ട്. വടക്കൻ അർദ്ധഗോളത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് നാലിരട്ടി വേഗതയിൽ ഐസ്‌ലാൻഡിൽ ചൂട് കൂടുകയാണ്. നിരീക്ഷണത്തിൽ ഹിമപാളികൾ വളരെ വേഗം ഉരുകുന്നതായും അയല പോലുള്ള ദക്ഷിണ പ്രദേശങ്ങളിലെ മത്സ്യങ്ങൾ ഐസ്‌ലാൻഡിക് വെള്ളത്തിൽ പ്രത്യക്ഷപ്പെടുന്നതും കണ്ടെത്തിയിരുന്നു. ഈ മാറ്റങ്ങൾ താപനിലയിൽ വരുന്ന വ്യതിയാനങ്ങൾക്ക് തെളിവാണ്.

SCROLL FOR NEXT