ആക്രമണത്തില്‍ തകർന്ന ഇസ്രയേല്‍ ഊർജ കേന്ദ്രങ്ങള്‍ Source: X/ Fars News Agency
WORLD

ആശങ്കയൊഴിയാതെ പശ്ചിമേഷ്യ; ഇറാന്‍-ഇസ്രയേല്‍ സംഘർഷത്തില്‍ മരണസംഖ്യ ഉയരുന്നു

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ഇൻ്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് കസേമിയും ഉപമേധാവി ജനറൽ ഹസൻ മൊഹാഖിഖും കൊല്ലപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

പശ്ചിമേഷ്യയിൽ ആശങ്ക വർധിപ്പിച്ചുകൊണ്ട് ഇസ്രയേലും ഇറാനും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും ആക്രമണവും പ്രത്യാക്രമണവും ശക്തമാക്കി. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ഇൻ്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് കസേമിയും ഉപമേധാവി ജനറൽ ഹസൻ മൊഹാഖിഖും കൊല്ലപ്പെട്ടു. ഇറാൻ്റെ കൂടുതൽ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടാതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1200-ലേറെ പരിക്കേറ്റതായും ഇറാൻ്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ തെഹ്റാനിൽ നിന്നും ആളുകൾ ഒഴിഞ്ഞുതുടങ്ങി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ഇറാൻ്റെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാനിലെ മഷാദ് എയർപോർട്ടിലും ഇസ്രയേൽ ആക്രമണം നടത്തി. വിമാനങ്ങളിൽ ഇന്ധനം നിറക്കാനുപയോഗിക്കുന്ന വിമാനം തകർത്തു. മധ്യ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണ്.

ടെൽ അവീവിലും ഹൈഫയിലും ജെറുസലേമിലും ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും തകർന്നു. ഇറാൻ്റെ നൂറിലധികം ഡ്രോണുകൾ നിർവീര്യമാക്കിയതായി ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയുണ്ടായത് പോലെ ഇറാൻ- ഇസ്രയേലും ധാരണയിലെത്തണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ, ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ പ്രത്യാക്രമണം നിർത്തുമെന്നാണ് ഇറാൻ്റെ നിലപാട്. ആക്രമണം തുടർന്നാൽ ഇറാൻ 'വലിയ വില' നൽകേണ്ടി വരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വെടിനിർത്തൽ ചർച്ചകൾക്കായുള്ള ഖത്തറിൻ്റെയും ഒമാൻ്റെയും മധ്യസ്ഥ ശ്രമം ഇറാൻ നിരസിച്ചു. ആണവ, സൈനിക കേന്ദ്രങ്ങൾക്ക് പുറമേ ഇറാൻ്റെ എണ്ണ-വാതക മേഖലകളെയും ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ എണ്ണവിലയും കുതിച്ചുയരുകയാണ്.

SCROLL FOR NEXT