ടെൽ അവീവ്: ഇറാനിയൻ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിക്കുന്നതിനിടെ കൈയിൽ കോഫിയുമായി നിൽക്കുന്ന വീഡിയോ പങ്കുവെച്ച് നെതന്യാഹു. എക്സിലൂടെയാണ് ഒരു കഫേയിൽ നിന്നുള്ള വീഡിയോ നെതന്യാഹു പങ്കുവെച്ചിരിക്കുന്നത്.
നെതന്യാഹു ഒരു കഫേയിൽ കോഫി ഓർഡർ ചെയ്യുന്നതും തൻ്റെ മരണ വാർത്തകളെ കുറിച്ച് തമാശ പറയുന്നതും വീഡിയോയിൽ കാണാം. "ഞാൻ മരിച്ചു, കാപ്പിക്ക് വേണ്ടി," എന്ന് ഹീബ്രുവിൽ തമാശ രൂപേണ നെതന്യാഹു പറയുന്നത് കാണാം. ഞാൻ എൻ്റെ ആളുകൾക്ക് വേണ്ടി മരിക്കുകയാണെന്നും ഹീബ്രുവിൽ നെതന്യാഹു പറയുന്നുണ്ട്. വീഡിയോയ്ക്കിടെ, നെതന്യാഹു രണ്ട് കൈകളും ഉയർത്തി ക്യാമറയിലേക്ക് വിരലുകൾ കാണിക്കുന്നതും കാണാം.എൻ്റെ വിരലുകൾ എണ്ണണമെങ്കിൽ ആയിക്കോളൂ എന്നും അദ്ദേഹം പറയുന്നത് കേൾക്കാം.
വ്യാഴാഴ്ചത്തെ നെതന്യാഹുവിൻ്റേതായി പുറത്തുവന്ന പത്രസമ്മേളനത്തിലെ ദൃശ്യങ്ങളിൽ ഒരു കൈയിൽ ആറ് വിരലുകൾ വീതമുള്ളതായി കാണിച്ചിട്ടുണ്ടെന്നും വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമുള്ള അവലോകനങ്ങൾ ഉയർന്നിരുന്നിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു മരിച്ചതായുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഇതിന് പിന്നാലെ ഇറാനും നെതന്യാഹുവിനെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
"പുറത്തു പോയി കുറച്ച് ശുദ്ധവായു ശ്വസിക്കൂ, പക്ഷേ ഒരു സംരക്ഷിത സ്ഥലത്തിനടുത്ത് തന്നെ തുടരുക. നിങ്ങളുടെ പ്രതിരോധ ശേഷി അത്ഭുതകരമാണ്. അത് എനിക്കും, സർക്കാരിനും, ഐഡിഎഫിനും, മൊസാദിനും ശക്തി നൽകുന്നു" എന്നും ഇസ്രയേൽ പൗരന്മാർക്കുള്ള തൻ്റെ സന്ദേശത്തിൽ നെതന്യാഹു പറയുന്നു.
കുട്ടികളെ കൊല ചെയ്യുന്ന കുറ്റവാളിയായ നെതന്യാഹു ജീവനോടെ ഉണ്ടെങ്കിൽ തങ്ങൾ പിന്തുടർന്ന് കൊലപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ സൈന്യം പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വീഡിയോ പങ്കുവെച്ച് കൊണ്ട് നെതന്യാഹു തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം അമേരിക്കയും ഇസ്രായേലും ഇറാനിൽ സംയുക്ത ആക്രമണം നടത്തിയതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം 16ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആക്രമണങ്ങളിൽ ഇറാൻ്റെ 86 കാരനായ പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെടുകയും മിഡിൽ ഈസ്റ്റിലുടനീളം വ്യാപകമായ സംഘർഷങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പ്രതികരണമായി ഇസ്രയേലിനും ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അതേസമയം ഇസ്രയേലും അമേരിക്കയും ഇറാനിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് തുടരുകയാണ്. യുദ്ധത്തിൽ ഇതിനകം 2,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു, ഇതിൽ ഭൂരിഭാഗവും ഇറാനിലാണ്.