യുഎസിനും ഇറാനുമിടയിലുള്ള മധ്യ കക്ഷിയായ പാകിസ്ഥാൻ ഇറാനിലേക്കുള്ള ആറ് കരമാർഗങ്ങൾ തുറന്നു കൊടുത്തതായി റിപ്പോർട്ടുകൾ. റഷ്യ,ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇറാന് വ്യാപാരം നടത്തുവാൻ അനുമതി നൽകുന്ന നീക്കമാണിത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര വ്യാപാര പാതകൾക്കുള്ള യുഎസ് ഉപരോധം നിലനിൽക്കെ ഇറാനിലേക്കുള്ള ചരക്കുകൾക്കായി ആറ് കര ഗതാഗത പാതകൾ തുറക്കുന്നതായി ഇസ്ലാമാബാദ് ഈ ആഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാൻ യുഎസിനെതിരെ ഇരട്ട നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഇതിനെതിരെ വിമർശനമുയരുന്നത്. ഇറാന് അനുകൂലമായി ഈ കരമാർഗ പാതകൾ അനുവദിക്കുന്നതിലൂടെ, ഇറാനുമേൽ പരമാവധി സാമ്പത്തിക സമ്മർദം ചെലുത്തുക എന്ന ട്രംപിൻ്റെ തന്ത്രത്തെ പാകിസ്ഥാൻ ദുർബലപ്പെടുത്തുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ വിദഗ്ധനായ ഡെറക് ജെ. ഗ്രോസ്മാൻ പറഞ്ഞു. ടെഹ്‌റാൻ്റെ തുറമുഖത്തിന് മേലുള്ള യുഎസ് ഉപരോധം മറികടന്ന് എണ്ണ വ്യാപാരം തടസ്സമില്ലാതെ തുടരാൻ ഇത് ഇറാനെ സഹായിക്കുകയാണ് ചെയ്യുക.
യുഎസ്- ഇറാൻ ചർച്ചയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ്റെ വിശ്വാസ്യതയെ വീണ്ടും ചോദ്യമുനയിൽ നിർത്തുന്നതാണ് പുതിയ നീക്കം. പാകിസ്ഥാൻ്റെ വിശ്വാസ്യതയിൽ നേരത്തെ തന്നെ ഇസ്രയേൽ സംശയമുയർത്തിയിരുന്നു. ചർച്ചയിൽ പാകിസ്ഥാൻ്റെ നിഷ്പക്ഷതയിൽ ഇറാൻ പോലും സംശയം പ്രകടിപ്പിച്ചിച്ചിരുന്നു. പാകിസ്ഥാൻ ഇറാൻ്റെ നല്ല സുഹൃത്താണെങ്കിലും നല്ല ഇടനിലക്കാരൻ ആണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നായിരുന്നു ഇറാൻ്റെ ദേശീയ സുരക്ഷാ വിദേശ നയ വക്താവ് കൂടിയായ ഇബ്രാഹിം റസായിയുടെ പരാമർശം. യുഎസിൻ്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന രീതിയിൽ പക്ഷപാതപരമാണ് പാകിസ്ഥാൻ്റെ ഇടപെടലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
യുഎസ് ആവശ്യങ്ങൾ അംഗീകരിക്കാനും ,അവരുടെ നിബന്ധനകൾക്ക് അനുസൃതമായി യുദ്ധം അവസാനിപ്പിക്കാനും ടെഹ്‌റാനെ സാമ്പത്തികമായി സമ്മർദത്തിലാക്കുവാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നു യുഎസിൻ്റെ ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുവാനുള്ള നീക്കം. എന്നാൽ ടെഹ്‌റാന് ആറ് കരമാർഗ പാതകൾ അനുവദിച്ചതിലൂടെ ഇസ്ലാമാബാദ് ട്രംപിൻ്റെ തന്ത്രത്തിന് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.