Source: X
WORLD

ഭൂമി തൊട്ട് ക്രൂ 11 ഡ്രാഗൺ പേടകം: സ്പ്ലാഷ് ഡൗണ്‍ കാലിഫോര്‍ണിയന്‍ തീരത്ത്

ഇവർക്കാവശ്യമായ വൈദ്യസഹായവും മറ്റ് സജ്ജീകരണങ്ങളും ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട്

Author : വിന്നി പ്രകാശ്

ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി ബഹിരാകാശ നിലയത്തിൽ നിന്നും പുറപ്പെട്ട നാസയുടെ ക്രൂ 11 സംഘം ഭൂമിയിലെത്തി. ഉച്ചയ്ക്ക് 2.12ഓടെയാണ് പേടകം കാലിഫോർണിയൻ തീരത്ത് കടലിൽ പതിച്ചത് .പേടകത്തിലുള്ളവരെ ഉടൻ തന്നെ കരയിലേക്കെത്തിക്കുകയും പിന്നീട് നാസയുടെ ക്യാംപിലേക്ക് മാറ്റുകയും ചെയ്യും. ഇവർക്കാവശ്യമായ വൈദ്യസഹായവും മറ്റ് സജ്ജീകരണങ്ങളും ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട്.

പത്തര മണിക്കൂർ നീണ്ട യാത്രയെ തുടർന്നാണ് ക്രൂ 11 കര തൊട്ടത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൻ്റെ 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ആരോഗ്യ കാരണങ്ങൾ കൊണ്ട് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച ദൌത്യത്തിനിടെ ക്രൂ മെമ്പർമാരിൽ ഒരാൾക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന റിപ്പോർട്ട് നാസ പുറത്തു വിടുകയായിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരിയിൽ മടങ്ങേണ്ട ദൌത്യസംഘം നേരത്തെ തിരികെ വരാൻ തീരുമാനിക്കുകയായിരുന്നു. അസുഖ ബാധിതനായ ആളെ തിരികെ ഭൂമിയിലെത്തിക്കുക എന്നതായിരുന്നു പിന്നീട് വെല്ലുവിളി നിറഞ്ഞ ദൌത്യം. ആ ദൌത്യമാണിപ്പോൾ വിജയകരമായി പൂർത്തിയായിരിക്കുന്നത്. മിഷൻ കമാൻഡർ സെന മറിയ കാർഡ്മാൻ, മിഷൻ പൈലറ്റ്‌ മൈക്ക് ഫിൻകെ (നാസ), മിഷൻ സ്പെഷ്യലിസ്റ്റുകളായ കിമിയ യുയി (ജപ്പാൻ), ഒലെഗ് പ്ലാറ്റോണോവ് (റഷ്യ) എന്നിവരാണ് സംഘത്തിലുള്ളത്.

SCROLL FOR NEXT