ക്രിസ്റ്റ്യാനോ റൊണാൾഡോയും ട്രംപും വൈറ്റ് ഹൗസിലെ അത്താഴവിരുന്നിൽ Source: X/ Cristiano Ronaldo
WORLD

"എൻ്റെ ഇളയ മകന് എന്നോട് അൽപ്പം ബഹുമാനം കൂടി"; കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ട്രംപ്

പരിപാടിയിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: സൗദി അറേബ്യൻ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനൊപ്പം വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിരവധി പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആപ്പിൾ സിഇഒ ടിം കുക്ക്, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റീനോ എന്നിവരും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. അതേസമയം, പരിപാടിയിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു.

ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനായ പത്തൊമ്പതുകാരൻ ഇളയ മകൻ ബാരണിന്, യുഎസ് പ്രസിഡൻ്റ് സൂപ്പർ താരത്തെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. "തൻ്റെ മകന് ഇപ്പോൾ തന്നോട് അൽപ്പം കൂടി ബഹുമാനം കൂടിയിട്ടുണ്ടാകും എന്നാണ് കരുതുന്നത്. കാരണം അവൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്. റൊണാൾഡോയെ അവൻ്റെ പിതാവ് പരിചയപ്പെടുത്തി കൊടുത്തു എന്ന കാരണം കൊണ്ടാണിത്," ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂമിന് മുന്നിലായാണ് അത്താഴ വിരുന്ന് ഒരുക്കിയിരുന്നത്. ട്രംപ് ഭാര്യാസമേതമാണ് ചടങ്ങിനെത്തിയത്. ക്രിസ്റ്റ്യാനോയുടെ ഭാര്യ ജോർജീനയും ചടങ്ങി. പങ്കെടുക്കാൻ എത്തിയിരുന്നു.

ട്രംപ് ഒഴികെയുള്ള വിവിഐപികൾക്ക് ഒപ്പം ക്രിസ്റ്റ്യാനോ എടുത്ത സെൽഫിയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2014ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ യുഎസിലെത്തുന്നത്. 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ വച്ചാണ് നടക്കുന്നത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫുട്ബോൾ ലോകകപ്പാകും അതെന്നും ക്രിസ്റ്റ്യാനോ അഭിപ്രായപ്പെട്ടിരുന്നു.

SCROLL FOR NEXT