ഡേവിഡ് സൊല്ലോ Source: Screengrab
WORLD

മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് - ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്

ഡേവിഡ് സൊല്ലോയുടെ 'ഫ്ലഷ്' എന്ന നോവലിനാണ് പുരസ്കാരം

Author : ന്യൂസ് ഡെസ്ക്

ലണ്ടൻ: ഇത്തവണത്തെ മാൻ ബുക്കർ പ്രൈസ് ബ്രിട്ടീഷ് - ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്. അദ്ദേഹത്തിൻ്റെ 'ഫ്ലഷ്' എന്ന നോവലിനാണ് പുരസ്കാരം. 51കാരനായ സൊല്ലോ, ആൻഡ്രൂ മില്ലർ, കിരൺ ദേശായി അടക്കമുള്ള മറ്റ് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് പുരസ്കാരം സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. 50000 പൗണ്ടാണ് (ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.

ഒരു സാധാരണക്കാരൻ്റെ ജീവിതമാണ് സൊല്ലോയുടെ ഫ്ലഷ് പറയുന്നത്. ഹംഗേറിയൻ ഹൗസിങ് എസ്റ്റേറ്റ് മുതൽ ലണ്ടനിലെ അതിസമ്പന്നരുടെ ലോകം വരെയുള്ള ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന, ആകർഷകവും നിഗൂഢവും വൈകാരികവുമായ അയാളുടെ കഥയാണ് ഫ്ലഷിൻ്റെ പ്രമേയം.

സൊല്ലോയുടെ ഫ്ലഷ് എന്ന നോവലിനെ അസാധാരണവും വളരെ പ്രത്യേകതയുമുള്ള പുസ്തകം എന്ന് ജൂറികൾ വിശേഷിപ്പിച്ചു. ഫ്ലഷിൽ ഞങ്ങൾക്ക് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടത് അതിന്റെ വൈവിധ്യമാണ്. ഇത് മറ്റൊരു പുസ്തകത്തെയും പോലെയല്ലെന്ന് ജഡ്ജിംഗ് പാനലിന്റെ അധ്യക്ഷൻ റോഡി ഡോയൽ പറഞ്ഞു. അതൊരു ഇരുണ്ട പുസ്തകമാണ്, പക്ഷേ ഞങ്ങൾക്കെല്ലാവർക്കും അത് വായിച്ചപ്പോൾ സന്തോഷം തോന്നിയെന്നും റോഡി ഡോയൽ കൂട്ടിച്ചേർത്തു.

കാനഡയിൽ ജനിച്ച ഡേവിഡ് സൊല്ലോ ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. യുകെ, ഹംഗറി എന്നിവിടങ്ങളില്‍ ജീവിച്ച ശേഷം ഇപ്പോള്‍ വിയന്നയിലാണ് ഡേവിഡ് സൊല്ലോ താമസിക്കുന്നത്. 20ല്‍ അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. 2016ൽ പുറത്തിറങ്ങിയ ഓൾ ദാറ്റ് മാൻ ഈസ് എന്ന നോവലിലൂടെയാണ് അദ്ദേഹം ആദ്യമായി ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

SCROLL FOR NEXT