WORLD

നോവുണർത്തി നേപ്പാൾ... മിന്നൽ പ്രളയത്തിൽ മരണസംഖ്യ 900 കടന്നു, ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നു

നേപ്പാളിൽ കണ്ടെത്താനുള്ളവരിൽ ആയിരത്തോളം പേർ, രാജ്യത്തെ ജലവൈദ്യുതി പദ്ധതി സൈറ്റുകളിലെ തുരങ്കത്തിൽ ജോലി ചെയ്തിരുന്നവരാണ്

Author : ന്യൂസ് ഡെസ്ക്

മിന്നൽ പ്രളയം നാശംവിതച്ച നേപ്പാളിൽ നിന്ന് ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പ്രളയത്തിൽ മരണസംഖ്യ 900 കടന്നു . 903 പേർ മരിച്ചെന്നും 4,200 ൽ അധികം പേരെ കാണാതായെന്നുമാണ് നേപ്പാൾ സർക്കാറിന്റെ ഔദ്യോഗിക കണക്ക്. പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ആറാം ദിവസവും ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ് .

ചൈനയിലും നേപ്പാളിലുമായി നാലായിരത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. നേപ്പാളിൽ കണ്ടെത്താനുള്ളവരിൽ ആയിരത്തോളം പേർ, രാജ്യത്തെ ജലവൈദ്യുതി പദ്ധതി സൈറ്റുകളിലെ തുരങ്കത്തിൽ ജോലി ചെയ്തിരുന്നവരാണ് . പ്രതികൂല കാലാവസ്ഥ തടസ്സമെങ്കിലും തുരങ്കത്തിന് സമീപം വലിയ കുഴിയെടുത്ത് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത് .

തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യൻ സൈന്യവും നേപ്പാൾ ദുരന്ത നിവാരണ സേനകൾക്കൊപ്പമുണ്ട് . കാണാതായവരിൽ ഇരുനൂറിലധികം സ്കൂൾ വിദ്യാർഥികളും ഉണ്ട് . തെരച്ചിൽ ഊർജിതമാക്കിയതായി ചൈനയും അറിയിച്ചു . മരണസംഖ്യ കുത്തനെ ഉയർന്നതോടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് അധികൃതർ. ഫ്രീസറുകളുടെ കുറവ് കാരണം തിരിച്ചറിയാത്ത ഇരുന്നൂറോളം മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു .

മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രതയിലാണ് ദുരന്ത ബാധിത മേഖലകൾ . പാലങ്ങൾ തകർന്നതും ചെളിയും മണ്ണും നിറഞ്ഞ് റോഡുകൾ ഗതാഗത യോഗ്യമല്ലാതായതും രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രളയത്തിൽ താറുമാറായ വൈദ്യുതി ബന്ധം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല .

SCROLL FOR NEXT