WORLD

ഇംപീച്ച്മെൻ്റ് ഭീഷണിയിൽ ട്രംപ്! ; ചരിത്രം വഴിമാറുമോ ?

ഡൊണൾഡ് ട്രംപും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇംപീച്ച്മെന്‍റ് ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി കൂറ്റന്‍ വിജയം നേടിയതോടെ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇംപീച്ച്മെന്‍റ് ഭീഷണി നേരിടുന്നുവെന്ന് റിപ്പോർട്ട്. ട്രംപിനെ കൂടാതെ പ്രതിരോധ സെക്രട്ടറി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്കാണ് ഇംപീച്ച്മെന്‍റ് ഭീഷണി. തോല്‍വിക്ക് പിന്നാലെ റിപ്പബ്ലിക് പാർട്ടിയിലും ട്രംപിനെതിരെ പടയൊരുക്കമുണ്ട്. തോല്‍വിക്ക് കാരണം ട്രംപിന്‍റെ നയങ്ങളെന്ന വിമർശനമാണ് പാർട്ടിക്കുള്ളില്‍ ഉയരുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജനപ്രതിനിധി സഭയില്‍ 240 ഉം സെനറ്റില്‍ 54 സീറ്റും നേടി ഡെമോക്രാറ്റിക് കുതിപ്പ് തുടരുയാണ്.

അമേരിക്കയില്‍ അടിച്ചുവീശിയ ബ്ലൂ വേവ് തരംഗത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് ഉണ്ടാകുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മുന്‍പ് പല തവണ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്‍റ് നീക്കങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ കടുക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തന്നെ ഇംപീച്ച് ചെയ്യാന്‍ ഡെമോക്രാറ്റിക്കുകള്‍ തയ്യാറായാല്‍, അത് അവരുടെ പാർട്ടിയെ തകർക്കുമെന്നാണ് ട്രംപിന്‍റെ പ്രതികരണം. തനിക്കെതിരെ ഇംപീച്ച്മെന്‍റ് നടപടി സ്വീകരിക്കാന്‍ കാരണങ്ങളൊന്നുമില്ലെന്നാണ് ട്രംപിൻ്റെ അവകാശവാദം.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. കൂടാതെ ആരോഗ്യ മന്ത്രി റോബർട്ട് എഫ് കെന്നഡി ജൂനിയർ,വിദ്യാഭ്യാസ മന്ത്രി ലിന്‍ഡ മക്മഹോന്‍ എന്നിവരും ഇംപീച്ച്മെന്‍റ് ഭീഷണി നേരിടുന്നുണ്ട്. ഇവർക്കെതിരെയെല്ലാം മുന്‍പ് അവതരിപ്പിച്ചിരുന്ന ഇംപീച്ച്മെന്‍റ് പ്രമേയങ്ങള്‍, ഡെമോക്രാറ്റുകള്‍ കോൺഗ്രസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ വീണ്ടും ശക്തമാകും. ബിൽ ക്ലിൻ്റൺ, ആൻഡ്രൂ ജോൺസൺ, ഡൊണാൾഡ് ട്രംപ് എന്നീ പ്രസിഡൻ്റുമാർ ഹൗസിൽ ഇംപീച്ച് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സെനറ്റ് വിചാരണയിൽ രക്ഷപ്പെടുകയായിരുന്നു.

ഇതുവരെയും ഒരു പ്രസിഡന്‍റിനെ പോലും ഇംപീച്ച്മെന്‍റിലൂടെ പുറത്താക്കിയിട്ടില്ലാത്ത അമേരിക്കൻ ചരിത്രം തിരുത്തിക്കുറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇംപീച്ച്മെന്‍റ് ഭീഷണികള്‍ക്കിടെ സ്വന്തം പാർട്ടിക്കുള്ളില്‍ നിന്നും ട്രംപിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്. ട്രംപിന്‍റെ നയങ്ങളാണ് തോല്‍വിക്ക് കാരണമെന്നും, ഇറാനെതിരായ ആക്രമണങ്ങളും താരിഫ് നയങ്ങളും തിരിച്ചടിയായെന്നും റിപ്പബ്ലിക്ക് പാർട്ടിയിലുള്ളവർ വിമർശനമുന്നയിച്ചു. ട്രംപ് നയങ്ങളില്‍ മാറ്റം വരുത്തണമെന്നും പാർട്ടിയില്‍ ആവശ്യമുയർന്നിട്ടുണ്ട്.

SCROLL FOR NEXT