ഡൊണാൾഡ് ട്രംപ് Photo Credit: Reuters
WORLD

'അല്ലായിരുന്നെങ്കില്‍ അത് ആണവദുരന്തത്തില്‍ കലാശിച്ചേനെ'; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടത് യുഎസ് എന്നാവര്‍ത്തിച്ച് ട്രംപ്

വ്യാപാരത്തിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് യുഎസ് ഇടപെടലിലൂടെയാണെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലായിരുന്നെങ്കില്‍ അതൊരു ആണവ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു എന്നുമാണ് ട്രംപിന്റെ വാദം. വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

'ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇടപെട്ട് അത് നിര്‍ത്തിച്ചത് ഞങ്ങളാണ്. ഇല്ലെങ്കില്‍ അതൊരു ആണവ ദുരന്തമായി മാറുമായിരുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കളോട് ഈ അവസരത്തില്‍ നന്ദി പറയുകയാണ്. ഇന്ത്യയുമായും പാകിസ്ഥാനുമായും നമ്മല്‍ ഇടപെടുന്നുണ്ട്. വെടിയുണ്ടക്ക് പകരമായി വ്യാപാരത്തിലൂടെ ഒരു ആണവ യുദ്ധത്തെ തടയാന്‍ നമുക്ക് സാധിച്ചു,' ട്രംപ് പറഞ്ഞു.

വ്യാപാരത്തിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയിലൂടെ വെടിനിര്‍ത്തല്‍ നിലവില്‍ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തലിനായി ഇടപെട്ടത് അമേരിക്കയാണെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ട്രംപിന്റെ അവകാശ വാദങ്ങള്‍ തള്ളിയെങ്കിലും, യുഎസ് ആണ് ഇടപെട്ടതെന്ന വാദം തുടര്‍ന്നുകൊണ്ടിരിക്കുയാണ് പ്രസിഡന്റ് ട്രംപ്.

SCROLL FOR NEXT