വാഷിങ്ടണ്‍ ഡിസി: നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് വാ തോരാതെ സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പക്ഷെ ഫലം വന്നപ്പോള്‍ നിരാശപ്പെടേണ്ടി വന്നു. കുറച്ചു കാലങ്ങളായി ലോകത്തെ നടക്കുന്ന എല്ലാ സംഘര്‍ഷങ്ങളുടെയും ബ്രോക്കര്‍ ആയി സ്വയം അവരോധിക്കുന്ന ട്രംപിന് കിട്ടിയത് പക്ഷെ ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം. നല്‍കിയത് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിന് നല്‍കുന്ന സമ്മാനമായാണ് ഈ സമാധാന പുരസ്‌കാരം ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.
കരീബിയനില്‍ യുഎസ് വലിയ വ്യോമാക്രമണം നടത്തി 24 മണിക്കൂറുകള്‍ പോലും തികയുന്നതിന് മുമ്പാണ് ട്രംപിനെ 'സമാധാനത്തിനുള്ള പുരസ്‌കാരം' തേടിയെത്തിയിരിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപിന് അവാര്‍ഡ് നല്‍കിയത് നാണംകെട്ട ഒരു പദ്ധതിയായിരുന്നുവെന്ന് മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ ക്രായിഗ് മോഖിബെര്‍ പറഞ്ഞു. ഗാസയില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോക ഫുട്‌ബോളില്‍ നിന്ന് ഇസ്രയേലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ഉദ്യോഗസ്ഥനായിരുന്നു ക്രായിഗ്.
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലകളില്‍ ഫിഫയുടെ നിലപാട് തന്നെ സങ്കീര്‍ണമാണ്. എന്നിട്ടിപ്പോള്‍ ഇന്‍ഫാന്റിനോയും കൂട്ടരും ട്രംപിനൊരു സമാധാന സമ്മാനം കണ്ടുപിടിച്ച് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ പിന്തുണയ്ക്കുന്ന ട്രംപിന്റെ ഏറ്റവും മോശം ട്രാക്ക് റെക്കോര്‍ഡ്, കരീബിയന്‍ കടലില്‍ കപ്പലുകളില്‍ നടത്തിയ മാരകമായ ആക്രമണങ്ങള്‍, യുഎസിനകത്തെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെല്ലാം മറയ്ക്കുന്നതിനായാണ് ഈ അവാര്‍ഡ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇടപെട്ടത് താനാണെന്ന വാദം ആവര്‍ത്തിച്ചുകൊണ്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് ഇപ്പോഴും ആ വാദം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ട്രംപ് സ്വമേധയാ ഇടപെടുകയും മധ്യസ്ഥത വഹിക്കുകയും ചെയ്യുന്നുണ്ട്.
ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരാന്‍ പ്രയത്‌നിച്ചതിനാണ് ട്രംപിന് അവാര്‍ഡ് നല്‍കിയതെന്നാണ് ജിയാനി പറഞ്ഞത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ തന്നെ ഗാസയില്‍ ഇപ്പോഴും ആളുകള്‍ മരിച്ചു വീഴുന്നുണ്ട്.