വാഷിങ്ടണ്‍: ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത് ഒരു ഫോണ്‍ കോളിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനു ശേഷമാണ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണത്തിന് പച്ചക്കൊടി വീശിതയതെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് ട്രംപും നെതന്യാഹുവും തമ്മില്‍ സംഭാഷണം നടന്നത്. റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഖമനേയിയെ ഇല്ലാതാക്കാന്‍ ഇതിലും നല്ല അവസരം ഇനി ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയതയാണ് റിപ്പോര്‍ട്ട്.
ടെഹ്‌റാനിലെ ഔദ്യോഗിക വസതിയില്‍ ഖമനേയിയും പ്രധാന അനുയായികളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിനും ട്രംപിനും രഹസ്യവിവരം ലഭിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ സമയത്ത് ഇവരെയെല്ലാം ഒന്നിച്ച് ലക്ഷ്യം വെച്ചുകൊണ്ട് 'ഡികാപ്പിറ്റേഷന്‍ സ്‌ട്രൈക്ക്' നടത്താനാകുമെന്ന് വിവരം ലഭിച്ചു. ഇസ്രായേല്‍ സാധാരണയായി ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെങ്കിലും, അമേരിക്കയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങള്‍ പതിവില്ലാത്തതാണ്.
ശനിയാഴ്ച രാത്രിയില്‍ ടെഹ്റാനില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച ശനിയാഴ്ച രാവിലെയിലേക്ക് മാറ്റിവച്ചതായി സൂചന നല്‍കുന്ന പുതിയ വിവരങ്ങള്‍ ലഭിച്ചപ്പോഴാണ് ട്രംപും നെതന്യാഹുവും ഫോണില്‍ ബന്ധപ്പെട്ടതെന്ന് കോളിനെക്കുറിച്ച് വിവരം ലഭിച്ച മൂന്ന് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോണ്‍ സംഭാഷണം കഴിഞ്ഞതിനു പിന്നാലെ സംയുക്ത ആക്രമണത്തിന് ട്രംപ് അനുമതി നല്‍കുകയായിരുന്നുവെന്നു. ഏത് സാഹചര്യത്തിലാണ് യുഎസ് ഇത്തരമൊരു നീക്കത്തിന് കൂട്ടുനിന്നത് എന്ന് വ്യക്തമല്ല.
ഇറാനെ ആക്രമിക്കണമെന്ന നിലപാടിലായിരുന്നു നെതന്യാഹു. ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യാനും ഖമനേയിയെ ഇല്ലാതാക്കാനും ഇതിലും മികച്ച അവസരം ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തി. 2024-ല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്ത് അദ്ദേഹത്തെ വധിക്കാന്‍ ഇറാന്‍ ആസൂത്രണം ചെയ്ത പദ്ധതിയടക്കം ഇതില്‍ ഉള്‍പ്പെടുന്നു.