ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഇറാന് നൽകിയ സമയപരിധി ഏപ്രിൽ 6 വരെ പത്ത് ദിവസത്തേക്ക് കൂടി നീട്ടി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 6 തിങ്കളാഴ്ച മുതൽ രാത്രി 8 മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
“ഇറാൻ സർക്കാരിൻ്റെ അഭ്യർഥന പ്രകാരം, 10 ദിവസത്തേക്ക് എനർജി പ്ലാൻ്റ് നശീകരണം ഞങ്ങൾ താൽക്കാലികമായി നിർത്തുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. അവ വളരെ നന്നായി പോകുന്നു. അവർ ഏഴ് ദിവസത്തെ സമയം ചോദിച്ചു. ഞാൻ അവർക്ക് 10 ദിവസത്തെ സമയം നൽകി,” ട്രംപ് പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുകയാണ്. ലെബനനിലും പശ്ചിമ ഇറാനിലും ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 1100 പേർ കൊല്ലപ്പെട്ടതായും ലെബനൻ വ്യക്തമാക്കി. ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനം നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഉത്തര ഇസ്രയേലിൽ ആക്രമണം നടന്നതായി ഇസ്രേയേൽ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരാൾ മരിച്ചെന്നും ഐഡിഎഫ് വ്യക്തമാക്കി. സൗദിയിലും കുവൈറ്റിലും ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിച്ചതായി സുരക്ഷാ മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഒരു തായ് കപ്പൽ അക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.