വാഷിംഗ്ടൺ: ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്താനിടയില്ലെന്ന സൂചന നൽകി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തിയേക്കില്ലെന്നാണ് ട്രംപ് നൽകുന്ന സൂചന. എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഉപഭോക്താക്കളിൽ നിന്ന് ഇന്ത്യയെ നഷ്ടപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.
യുഎസ് ചുമത്തുന്ന അധിക തീരുവകൾ ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് ട്രംപിൻ്റെ പരാമർശം. " യുഎസ് അധിക തീരുവ ചുമത്തിയതിന് പിന്നാലെ റഷ്യക്ക് ഇന്ത്യയെന്ന ഉപയോക്താവിനെ നഷ്ടമായി. റഷ്യൻ എണ്ണയുടെ 40 ശതമാനം വാങ്ങിയിരുന്നത് ഇന്ത്യയാണ്. ചൈനയെക്കുറിച്ച് പറയാനാണെങ്കിൽ അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ, യുഎസ് ഇനിയുമൊരു അധിക തീരുവ ചുമത്തുന്നത് വലിയ നഷ്ടമുണ്ടാക്കിയേക്കും. അങ്ങനെ ചെയ്തേ പറ്റൂ എന്നാണെങ്കിൽ, ഞാനത് ചെയ്യും. ചിലപ്പോൾ ചെയ്യില്ല," ട്രംപ് പറഞ്ഞു.
പുടിനുമായുള്ള ചർച്ചയിൽ പങ്കെടുക്കാൻ അലാസ്കയിലേക്ക് പോകുംവഴി എയർഫോഴ്‌സ് വണ്ണിൽ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ചർച്ചയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് ധാരണയായില്ല.
അതേസമയം ട്രംപ് - പുടിന്‍ കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഇന്ത്യക്കെതിരായ തീരുവ നടപടി കടുപ്പിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള 25 ശതമാനം പിഴ ഇനിയും ഉയർത്തും. ഉപരോധം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് ടിവി അഭിമുഖത്തില്‍ സ്കോട്ട് ബെസെന്‍റ് പറഞ്ഞു.
അലാസ്ക ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സ്കോട്ട് ബെസെന്‍റ് അറിയിക്കുന്നത്. യുക്രെയ്ൻ -റഷ്യ സംഘർഷത്തിന് വെസ്റ്റ് ബാങ്ക് ശൈലിയിൽ പരിഹാരത്തിനാണ് യുഎസിൻ്റെ ആലോചനയെന്നാണ് റിപ്പോർട്ട്.